അന്റാർട്ടിക്കയിൽ പൂക്കൾ വിരിയുന്നു; സന്തോഷിക്കാൻ ഒന്നുമില്ല; ഭയക്കേണ്ടതുണ്ടെന്ന് വിദഗ്ധർ


വിരിഞ്ഞു നിൽക്കുന്ന പൂക്കൾ കാണുമ്പോൾ ആർക്കാണ് സന്തോഷം തോന്നാത്തത്. അത് അന്റാർട്ടിക്കയിലെ മഞ്ഞ് മലകളിലാണെങ്കിലോ? തൂവെള്ള നിറത്തിൽ വ്യാപിച്ചു കിടക്കുന്ന മഞ്ഞുമലയിൽ പല വർണങ്ങളിൽ വിടർന്നു നിൽക്കുന്ന പൂക്കൾ കാണാൻ തന്നെ എന്തൊരു ഭംഗിയായിരിക്കുമല്ലേ…

എന്നാൽ, വല്ലാതങ്ങ് സന്തോഷിക്കാനോ ആഹ്ളാദിക്കാനോ ഇതിൽ ഒന്നുമില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. മാത്രമല്ല, അൽപം പേടിക്കേണ്ടതുമുണ്ട്. മഞ്ഞ് മലയിൽ പൂക്കൾ തളിർത്തു നിൽക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയായിട്ടാണ് ഗവേഷകർ കാണുന്നത്. മരവിച്ചിരിക്കുന്ന ഭൂഖണ്ഡത്തിൽ അന്റാർട്ടിക് ഹെയർ ഗ്രാസ്, അന്റാർട്ടിക്ക് പേൾവോർട്ട് എന്നിങ്ങനെ ആകെ രണ്ട് ഇനം പൂച്ചെടികൾ മാത്രമേ ഉള്ളൂ.

ഐസും മഞ്ഞും മൂടിക്കിടക്കുന്നതിനാൽ, ചെടികൾക്ക് വളരാൻ മുമ്പ് അധികം സ്ഥലം ഇവിടെ ഉണ്ടായിരുന്നില്ല. മരങ്ങളോ കുറ്റിച്ചെടികളോ ഇല്ലാത്ത ഭൂപ്രദേശത്ത് സസ്യങ്ങളുടെ സാന്നിധ്യമുള്ളത് സൗത്ത് ഓർക്ക്‌നി ദ്വീപുകൾ, സൗത്ത് ഷെറ്റ്‌ലാൻഡ് ദ്വീപുകൾ, പടിഞ്ഞാറൻ അന്റാർട്ടിക് പെനിൻസുല എന്നിവിടങ്ങളിൽ മാത്രമാണ്.