നിജ്ജാറിന്റെ കൊലയിലെ ഇന്ത്യൻ പങ്കിന് തെളിവുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ| India-Canada Row Justin Trudeau Says Not Looking to Cause Problems Urges New Delhi to Uncover Truth – News18 Malayalam


കനേഡിയൻ പൗരനും ഖലിസ്ഥാൻ നേതാവുമായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന നിലപാട് ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നൽകിയതായും കാനഡ അവകാശപ്പെട്ടു. മാത്രമല്ല, നേരിട്ടും അല്ലാതെയും തെളിവു ശേഖരിച്ചതായും കാനഡ വ്യക്തമാക്കി. കനേഡിയൻ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളെ ഡൽഹി ഗൗരവത്തോടെ കാണണമെന്നും ട്രൂഡോ പറഞ്ഞു.

അതേസമയം, തെളിവ് ഇപ്പോൾ കൈമാറാനാകില്ലെന്നും വിശദമായ അന്വേഷണത്തിനു ശേഷമേ തെളിവു കൈമാറാനാകൂ എന്നുമാണ് കാനഡയുടെ നിലപാട്. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണം. ഇന്ത്യയെ പ്രകോപിപ്പിക്കുക ലക്ഷ്യമല്ല -ട്രൂഡോ ന്യൂയോർക്കിൽ പറഞ്ഞു. എന്നാൽ, ഇന്ത്യൻ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ടു മറുപടി നൽകിയതുമില്ല.

നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾ ഇന്ത്യ – കാനഡ ബന്ധം കൂടുതൽ മോശമാക്കുന്നതിനിടെയാണ് കാനഡ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന സൂചനകൾ വരുന്നത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന തീരുമാനത്തിൽ ഇന്ത്യയും ഉറച്ചു നിൽക്കുകയാണ്.

കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരുന്നു. ഇ-വിസ അടക്കം ഒരു തരത്തിലുള്ള വിസയും അനുവദിക്കില്ല. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വിസ ലഭിക്കില്ല.
സുരക്ഷാഭീഷണി കാരണം കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതാണ് വിസ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നിലവിൽ വിസയുള്ളവർക്കും ഒസിഐ കാർഡ് ഉള്ളവർക്കും മറ്റും ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നതിനു തടസ്സമില്ല.