വിപണി കീഴടക്കാൻ വീണ്ടും എക്സ് സീരീസിൽ സ്മാർട്ട്ഫോണുമായി പോകോ എത്തുന്നു, ഇന്ത്യൻ വിപണിയിൽ ഉടൻ ലോഞ്ച് ചെയ്യും


ചുരുങ്ങിയ കാലയളവിനുള്ളിൽ വിപണി കീഴടക്കിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് പോകോ. ഓരോ സീരീസിലും വ്യത്യസ്തമാർന്ന ഹാൻഡ്സെറ്റുകളാണ് പോകോ ഉൾപ്പെടുത്താറുള്ളത്. ഇപ്പോഴിതാ എക്സ് സീരീസിൽ കിടിലൻ ഹാൻഡ്സെറ്റുമായാണ് പോകോ എത്തുന്നത്. വരാനിരിക്കുന്ന സ്മാർട്ട്ഫോൺ ഇന്ത്യൻ സർട്ടിഫിക്കേഷന്‍ പ്ലാറ്റ്ഫോമിൽ കണ്ടെത്തിയിട്ടുണ്ട്. പോകോ എക്സ് സീരീസിന് കീഴിൽ പോകോ എക്സ്6 നിയോ എന്ന സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കുന്നത്.

ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോകോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ‘2312FRAFDI’ എന്ന മോഡൽ നമ്പറിലിണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മോഡൽ നമ്പർ റെഡ്മി നോട്ട് 13ആർ പ്രോ മോഡലിന്റെ നമ്പറിന് സമാനമാണ്. അതുകൊണ്ടുതന്നെ പോകോ എക്സ്6 ഈ ഫോണിന്റെ റീബ്രാൻഡ് പതിപ്പായിരിക്കാനാണ് കൂടുതൽ സാധ്യത. അധികം വൈകാതെ പോകോ പുതിയ മോഡൽ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.