ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെന്ന് സൗദി അറേബ്യ; ഫിഫയെ അറിയിച്ചു


ജനീവ: 2034-ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കാനുള്ള തങ്ങളുടെ ആഗ്രഹം സൗദി അറേബ്യ ഫിഫയെ ഔദ്യോഗികമായി അറിയിച്ചു. ഏഷ്യൻ, ഓഷ്യാനിയ സോക്കർ ഗവേണിംഗ് ബോഡിയിലെ അംഗങ്ങൾക്ക് മാത്രമുള്ള വോട്ടെടുപ്പിന് മുന്നോടിയായാണ് സൗദി ഇക്കാര്യം അറിയിച്ചത്. ഫിഫയ്ക്ക് ലോകകപ്പ് അവകാശവാദം ഉന്നയിച്ചുകൊണ്ട് ഒരു കത്ത് സമർപ്പിക്കുകയും പ്രഖ്യാപനത്തിൽ ഒപ്പിടുകയും ചെയ്തു” എന്ന് സൗദി അറേബ്യൻ സോക്കർ ഫെഡറേഷൻ അറിയിച്ചു. 2022 ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശേഷം 12 വർഷത്തിന് ശേഷം 2034 ലെ പതിപ്പ് ഏഷ്യയിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന.

2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരു രാജ്യം മാത്രം മതിയെന്ന് ഫിഫ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കൂടുതൽ രാജ്യങ്ങൾ അവകാശവാദവുമായി എത്തി. ഇതേത്തുടർന്ന് – ഇപ്പോൾ യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ആറ് രാജ്യങ്ങളിലും, മൂന്ന് ഭൂഖണ്ഡങ്ങളിലുമായാകും 2030 ലോകകപ്പ് നടക്കുക. ലോകകപ്പിന്‍റെ 100-ാം വാർഷികം കൂടി കണക്കിലെടുത്താണിത്.

2030-ൽ സ്പെയിൻ-പോർച്ചുഗൽ-മൊറോക്കോ-അർജന്റീന-പരാഗ്വേ-ഉറുഗ്വായ് എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുക. 2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് ലോകകപ്പ്. 2026 ലോകപ്പിൽ ഇതാദ്യമായി 48 ടീമുകളും 104-മത്സരങ്ങളുമെന്ന നിലയിലേക്ക് കാൽപ്പന്തുകളിയുടെ ലോകമാമാങ്കം മാറും.

ലോകകപ്പ് ആതിഥേയത്വം ഔദ്യോഗികമായി താൽപ്പര്യം പ്രകടിപ്പിക്കാൻ ഒക്ടോബർ 31 വരെയും ദേശീയ സർക്കാരിന്‍റെ പിന്തുണ ആവശ്യമുള്ള ഒപ്പിട്ട താൽപര്യ കരാർ തിരികെ നൽകുന്നതിന് നവംബർ 30 വരെയും കഴിഞ്ഞ ആഴ്ച ഫിഫ കർശനമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

രണ്ട് മാസം മുമ്പ് ന്യൂസിലൻഡുമായി 32-ടീം വനിതാ ലോകകപ്പിന് വിജയകരമായി ആതിഥേയത്വം വഹിച്ചതിന് ശേഷം ഓസ്‌ട്രേലിയൻ ഫുട്ബോൾ അസോസിയേഷൻ 2034 ടൂർണമെന്റിൽ താൽപ്പര്യം പ്രകടിപ്പിച്ചു, എന്നാൽ ഒരു ബിഡ്ഡിംഗ് കരാർ തയ്യാറാക്കാൻ അവർക്ക് ഇനി ലഭിക്കുമോയെന്ന് ഉറപ്പില്ല. കാരണം കുറഞ്ഞത് 40,000 പേർക്ക് ഇരിക്കാവുന്ന ഫുട്ബോളിന് അനുയോജ്യമായ 14 വേദികൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിലുണ്ടാകണമെന്ന് ഫിഫ ആവശ്യപ്പെടുന്നുണ്ട്. ഓസ്ട്രേലിയയിൽ നിലവിൽ ഏഴ് സ്റ്റേഡിയങ്ങളാണ് ഈ മാനദണ്ഡങ്ങൾ പാലിക്കുന്നത്.

2027ലെ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്ന സൗദി അറേബ്യ ആ ഫിഫ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. ഫിഫയുടെ 211 അംഗ ഫെഡറേഷനുകളിൽ “70-ൽ അധികം” പേരുടെ പിന്തുണയെന്നതും സൗദി അറേബ്യയ്ക്ക് അനുകൂലഘടകമാണ്.

“എല്ലാ തലങ്ങളിലും പുതിയ ഫുട്ബോൾ അവസരങ്ങൾ തുറക്കുക, ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള കളിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത എന്നിവയാണ് ലക്ഷ്യം,” സൗദി ഫെഡറേഷൻ പറഞ്ഞു.