ഡിബിഎസ് ബാങ്കിലെ മുന്‍ സഹപ്രവര്‍ത്തകനിൽ നിന്ന് സഹപ്രവര്‍ത്തകരുടെ ശമ്പള വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജനെതിരെ കേസ്. സിംഗപ്പൂരിലാണ് സംഭവം നടന്നത്. സിംഗപ്പൂര്‍ മാനവവിഭവശേഷി മന്ത്രാലയത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. അഞ്ച് ആഴ്ചത്തെ തടവാണ് ഇദ്ദേഹത്തിന് വിധിച്ചിരിക്കുന്നത്.
ദിനത് സില്‍വമണി മുതലിയാര്‍ എന്ന 35കാരനാണ് കേസിലുള്‍പ്പെട്ടത്. മന്ത്രാലയത്തില്‍ ജോലി ലഭിക്കുന്നതിന് മുമ്പ് ഇദ്ദേഹം ഡിബിഎസ് ബാങ്കിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇവിടുത്തെ മുന്‍ സഹപ്രവര്‍ത്തകനായ ലിയോംഗ് യാന്‍ സിനിനോട് മന്ത്രാലയത്തിലെ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച വിവരങ്ങള്‍ എടുത്ത് നല്‍കാന്‍ ദിനത് ആവശ്യപ്പെടുകയായിരുന്നു.
കംപ്യൂട്ടര്‍ ദുരുപയോഗ നിയമവുമായി ബന്ധപ്പെട്ട 4 കുറ്റങ്ങളാണ് ദിനതിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ കുറ്റസമ്മതവും നടത്തിയിട്ടുണ്ട്.
2018 ജൂണിലാണ് ഇയാള്‍ ബാങ്കിലെ തന്റെ മുന്‍ സഹപ്രവര്‍ത്തകനായ ലിയോംഗിനെ സമീപിക്കുന്നത്. മന്ത്രാലയത്തിലെ ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ എടുത്ത് നല്‍കണമെന്ന് ലിയോംഗിനോട് ആവശ്യപ്പെടുകയും ചെയ്തു. തന്റെ ശമ്പളവും മന്ത്രാലയത്തിലെ സഹപ്രവര്‍ത്തകരുടെ ശമ്പളവും തമ്മിലുള്ള അന്തരം മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ഈ വിവരങ്ങള്‍ അറിയാന്‍ രംഗത്തെത്തിയത്.
തുടര്‍ന്ന് ലിയോംഗ് ഈ വിവരങ്ങള്‍ ദിനതിന് വാട്‌സ്ആപ്പ് വഴി കൈമാറുകയും ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിനതിന് ആറ് മുതല്‍ ഏഴ് ആഴ്ചവരെ തടവ് വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്നാണ് ലിയോംഗ് ദിനതിന്റെ ആവശ്യം നിറവേറ്റിയതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
കംപ്യൂട്ടര്‍ ദുരുപയോഗ നിയമപ്രകാരമുള്ള 4 കേസുകളിലാണ് ദിനത് കുറ്റസമ്മതം നടത്തിയത്. ബാങ്കിംഗ് ആക്ട് പ്രകാരമുള്ള 4 കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൂടാതെ ശിക്ഷാവിധി സമയത്ത് സമാനമായ 14 കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
സമാനമായ കുറ്റങ്ങളില്‍ ലിയോംഗിന് 16 ആഴ്ചത്തെ തടവാണ് ലഭിച്ചത്. കൂടാതെ നിയമവിരുദ്ധമായി ഒരാളുടെ മേല്‍വിലാസം നേടിയെടുക്കാനായി ലിയോംഗിനെ സമീപിച്ച ആംഗ് കോക്ക് ഹൗ എന്നയാള്‍ക്കും തടവ് വിധിച്ചിട്ടുണ്ട്. ഇയാള്‍ക്ക് രണ്ടാഴ്ചത്തെ തടവാണ് കോടതി വിധിച്ചത്.