അമിതവണ്ണം പലർക്കും അനാരോഗ്യകരം എന്നതിനെക്കാൾ ഒരു സൗന്ദര്യപ്രശ്നമാണ്. മറ്റുള്ളവരുടെ കളിയാക്കലുകളും ഇഷ്ടവസ്ത്രം ധരിക്കാൻ കഴിയാത്ത അവസ്ഥയും പലപ്പോഴും ഇഷ്ടഭക്ഷണം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയുമൊക്കെ ഇവരെ അസംതൃപ്തരാക്കാറുണ്ട്. എങ്ങനെയെങ്കിലും വണ്ണം കുറച്ചാൽ മതിയെന്നു കരുതി പലപ്പോഴും അബദ്ധങ്ങൾ കാണിച്ച് അനാരോഗ്യം ക്ഷണിച്ചുവരുത്തുന്നവരുമുണ്ട്. സത്യത്തിൽ വണ്ണമല്ല, അരവണ്ണമാണ് കുറയ്ക്കേണ്ടത്. സ്ത്രീകളിൽ 80 സെ.മീ. യും പുരുഷൻമാരിൽ 90 സെ.മീ.യുമാണ് ശരിയായ അളവ്.
വണ്ണം കുറയ്ക്കുന്നവർ പൊതുവേ ചെയ്തു കൂട്ടുന്ന 10 അബദ്ധങ്ങൾ അറിയാം.
1. ഭക്ഷണം കുറച്ചാൽ വണ്ണം താനേ കുറയും
ഏറ്റവുമധികം പേർ ചെയ്യുന്ന ഒരു കാര്യമാണിത്. ഭക്ഷണം കുറയ്ക്കുക, ഒന്നോ രണ്ടോ നേരം മാത്രമായി ഭക്ഷണം ചുരുക്കുക എന്നിവ. ഭക്ഷണനിയന്ത്രണം വരുത്തിയ ഉടൻതന്നെ ശരീരം ആദ്യം വിശപ്പു കൂട്ടും. ഇങ്ങനെ ഉണ്ടാകുന്ന ശക്തമായ വിശപ്പിനെ അതിജീവിച്ചു ഡയറ്റിങ് തുടർന്നാൽ ശരീരം ഉപാപചയ പ്രക്രിയയുടെ നിരക്കു കുറച്ച് ഊർജവിനിയോഗം പരമാവധി ലാഭിക്കും. അങ്ങനെ ക്ഷീണം, തളർച്ച, ഉൻമേഷക്കുറവ് എന്നിവ അനുഭവപ്പെടും. അപ്പോഴും ശരീരഭാരം മാറ്റമില്ലാതെ നിലനിൽക്കും.
ഈ വ്യക്തി വീണ്ടും ഡയറ്റിങ് തുടരുകയാണെങ്കിൽ ശരീരത്തിനാവശ്യമായ ഊർജം ഭക്ഷണത്തിൽനിന്നു കിട്ടാതെ വരും. ഈ സമയം ശരീരം പേശികളിൽ നിന്നുള്ള പ്രോട്ടീനെടുത്ത് ഊർജം നിലനിർത്താൻ ശ്രമിക്കും. അപ്പോൾ ശരീരം മെലിയും, പക്ഷേ കൊഴുപ്പ് കുറയില്ല. പേശികളിലെ പ്രോട്ടീന്റെ അളവു കുറയുന്നത് കൊളസ്ട്രോൾ, ബിപി, പ്രമേഹം എന്നിവയ്ക്കു കാരണമാകാം.
2. മുട്ട കഴിച്ചാൽ വണ്ണം കൂടും
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽനിന്ന് ആദ്യം പുറത്താക്കുന്നത് മുട്ടയെ ആയിരിക്കും. മുട്ട വണ്ണം കൂട്ടുമെന്ന ധാരണയാണ് ഇതിനു പിന്നിൽ. എന്നാൽ മുട്ട പോഷകസമ്പുഷ്ടമാണ്. ശരീരത്തിനാവശ്യമായ എസൻഷ്യൽ അമിനോ ആസിഡ് ശരിയായ അനുപാതത്തിൽ ഈ പ്രോട്ടീനിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ഉപാപചയനിരക്ക് കൂട്ടുകയും വിശപ്പു നിയന്ത്രിക്കുകയും വയറുനിറഞ്ഞെന്ന ഫീലിങ് ഉണ്ടാക്കുകയും ചെയ്യും. അതിനാൽ ഒരു സമീകൃത ഭക്ഷണശൈലിയിൽ മുട്ടയുടെ മിതമായ ഉപയോഗം ശരീരഭാരം കൂട്ടാനല്ല, കുറയ്ക്കാനാണ് സഹായിക്കുക.
3. പ്രഭാതഭക്ഷണം ഒഴിവാക്കാം
രാവിലെ ഒന്നും കഴിക്കാതിരുന്നാൽ വണ്ണം കുറയ്ക്കാമെന്ന ശുദ്ധ മണ്ടത്തരം കാണിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ആരോഗ്യകരമായ പ്രഭാതഭക്ഷണം ശരീരത്തിന് ഏറെ ആവശ്യമാണ്. രാത്രിയിലെ ദീർഘമായ ഉപവാസം മുറിക്കുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണമാണ്. അതു കിട്ടാതിരുന്നാൽ ഉപാപചയ പ്രക്രിയ കുറയും. ഇത് ക്ഷീണം, ഏകാഗ്രതക്കുറവ് തുടങ്ങിയവ ഉണ്ടാക്കും. ഉച്ചഭക്ഷണം അധികം കഴിക്കാനും കാരണമാകും. അന്നജവും പ്രോട്ടീനും ഉൾപ്പെടുത്തിയുള്ള പ്രഭാതഭക്ഷണം വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്നതാണ്.
4. ലോ ഫാറ്റ് ഉൽപന്നങ്ങൾ കഴിക്കാം
ലോഫാറ്റ് ഉൽപന്നങ്ങൾ കൂടുതൽ കഴിച്ചാൽ തൂക്കം കൂടില്ലെന്ന ധാരണയാണ് പലർക്കുമുള്ളത്. എന്നാൽ ഇത്തരം ഭക്ഷണപദാർഥങ്ങളിൽ പഞ്ചസാര, സ്റ്റാർച്ച് എന്നിവ കൂടുതലായിരിക്കും. കൊഴുപ്പ് ഇല്ലല്ലോ എന്നു കരുതി ഇത്തരം ഭക്ഷണങ്ങൾ കൂടിയ അളവിൽ കഴിക്കുകയും ചെയ്യും. നമ്മൾ കഴിക്കുന്നതെന്തും അധികമായാൽ അത് കൊഴുപ്പായി ശരീരത്തിൽ സംഭരിക്കുമെന്ന കാര്യം കൂടി അറിയുക.
5. ശീലമാക്കാം ഡയറ്റ്
ശരീരഭാരം കുറയ്ക്കാനായി ഓരോ ഡയറ്റുകൾക്കു പിന്നാലെ പായുന്നവർ അറിയാൻ, ഇത്തരം ഭക്ഷണരീതി ചിലപ്പോൾ അനാരോഗ്യം ക്ഷണിച്ചുവരുത്തുകയാകും ചെയ്യുക. വിദഗ്ധ ഉപദേശം സ്വീകരിക്കാതെ ഇത്തരം ഡയറ്റുകൾ പിന്തുടരുമ്പോൾ ശരീരത്തിനാവശ്യമായ പല പോഷകങ്ങളും കിട്ടാതെ വരും. ഇത് രോഗപ്രതിരോധ ശക്തി കുറയ്ക്കുകയും പല രോഗങ്ങളിലേക്കും വഴിതെളിക്കുകയും ചെയ്യാം.
6. പെട്ടെന്ന് കൂടുതൽ ഭാരം കുറയ്ക്കാം
ഒരു മാസം കൊണ്ട് എട്ടോ പത്തോ കിലോ കുറയ്ക്കാൻ കഴിഞ്ഞെങ്കിൽ ഹാപ്പി, വളരെ പെട്ടെന്നു കാര്യം നടക്കുകയും ചെയ്യും. എന്നാൽ അങ്ങനെ ഒറ്റയടിക്കൊന്നും ഇതു കുറഞ്ഞു കിട്ടില്ല. അത്രയും നല്ല വർക്ക്ഔട്ടും ശരിയായ ഡയറ്റുമുണ്ടെങ്കിൽ ഒരു മാസം മാക്സിമം നാലു കിലോയൊക്കെയേ ആരോഗ്യകരമായ രീതിയിൽ കുറയ്ക്കാൻ സാധിക്കൂ. അതിനപ്പുറം ഉള്ളത് അപകടകരവുമാണ്. അധികമായി ഭാരം കുറച്ചാൽ ഹൃദയമിടിപ്പിൽ താളപ്പിഴ വരുത്തുന്ന അരിത്മിയ ഉൾപ്പടെയുള്ള ഹൃദയപ്രശ്നങ്ങൾക്കു കാരണമാകാം.
7. മരുന്നു കഴിച്ച് വണ്ണം കുറച്ചാലോ
കഠിനാധ്വാനം ചെയ്യാതെ ഏതെങ്കിലും മരുന്നു കഴിച്ച് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ മുൻപ് നൽകിയിരുന്ന ഇത്തരം ചില മരുന്നുകൾ വിഷാദരോഗത്തിലേക്കു നയിക്കാമെന്ന സംശയം ഉണ്ടായതിനാൽ ഇപ്പോൾ നൽകുന്നില്ല. ആമാശയത്തിൽനിന്നു കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കുന്ന ചില മരുന്നുകൾ ഇപ്പോഴുണ്ടെങ്കിലും 30 ശതമാനം കൊഴുപ്പേ ഇങ്ങനെ കുറയ്ക്കാൻ സാധിക്കൂ. നമ്മുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും കാർബോഹൈഡ്രേറ്റാണ്, കൊഴുപ്പല്ല. അതിനാൽ 50 ശതമാനം കൊഴുപ്പെങ്കിലും കഴിക്കുന്നവരിലേ ഈ മരുന്നുകൾ ഫലപ്രദമാകുകയുള്ളു. പക്ഷേ ഇവയൊന്നും ഭക്ഷണനിയന്ത്രണത്തിനും വ്യായാമത്തിനും പകരമല്ല എന്നുകൂടി അറിയുക.
8. വണ്ണം കുറയ്ക്കാൻ ഏതെങ്കിലും വ്യായാമം മതി
എന്തെങ്കിലുമൊക്കെ വ്യായാമം ചെയ്താൽ വണ്ണം കുറയുമെന്ന ധാരണ ഉണ്ടെങ്കിൽ തെറ്റി, എയ്റോബിക് വ്യായാമങ്ങൾ ചെയ്താൽ മാത്രമേ ശരീരത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുകയുള്ളു. നടത്തം, ഓട്ടം, നീന്തൽ, സൈക്ലിങ്, നൃത്തം എന്നിവയൊക്കെ എയ്റോബിക് വ്യായാമങ്ങളാണ്. ശരീരത്തിലെ പ്രധാന പേശികൾ ക്രമമായും താളാത്മകമായും ഉപയോഗിച്ചുകൊണ്ട് 20 മിനിറ്റോ അതിൽ കൂടുതലോ ചെയ്യുന്ന വ്യായാമങ്ങളാണ് എയ്റോബിക് വ്യായാമങ്ങൾ. ഈ വ്യായാമങ്ങളുടെ ഫലം ലഭിക്കാനായി ഹൃദയമിടിപ്പു നിരക്ക്, ഓരോ വ്യക്തിക്കുമുള്ള പരമാവധി നിരക്കിന്റെ 50–70 ശതമാനം ആയിരിക്കുകയും വേണം. മേൽപ്പറഞ്ഞ വ്യായാമങ്ങളൊക്കെയും എയ്റോബിക് ആയും അനെയ്റോബിക് ആയും ചെയ്യാം. എയ്റോബിക് ആയി ചെയ്താലേ ഫലം ലഭിക്കൂ.
9. വ്യായാമം ചെയ്താൽ വിയർക്കണം
വിയർക്കുന്നതു വരെ വ്യായാമം ചെയ്താലേ ഫലം കിട്ടൂ എന്നത് ഒരു തെറ്റിദ്ധാരണയാണ്. ചൂടുകാലത്ത് വ്യായാമം ചെയ്യുമ്പോൾ പെട്ടെന്നു വിയർക്കുകയും തണുപ്പു കാലത്ത് വൈകി വിയർക്കുകയും ചെയ്യും. അതിനാൽതന്നെ വിയർപ്പ് ഒരിക്കലും ഒരളവുകോലല്ല. എന്നാൽ എയ്റോബിക് വ്യായാമം ചെയ്യുന്നതിനിടയിൽ കിതപ്പ് തോന്നിയാൽ വ്യക്തിയുടെ ഹൃദയമിടിപ്പ് നിരക്ക് അനെയ്റോബിക് ഘട്ടമെത്തി എന്നു മനസ്സിലാക്കണം.
10. വണ്ണം കുറയ്ക്കാൻ വ്യായാമം മാത്രം മതി
ശരീരഭാരം കുറയ്ക്കാനായി വ്യായാമം ചെയ്തിട്ട് ആവശ്യത്തിലധികം ഭക്ഷണങ്ങൾ അകത്താക്കിയാൽ ഉദ്ദേശിച്ച ഫലം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ല. അര മണിക്കൂർ തുടർച്ചയായി വ്യായാമം ചെയ്താൽ ഏതാണ്ട് 100 കാലറി ഊർജം മാത്രമേ ശരീരത്തിൽനിന്നു കുറയുന്നുള്ളു. വ്യായാമത്തോടൊപ്പം ഭക്ഷണനിയന്ത്രണം കൂടി ഉണ്ടെങ്കിലേ ഭാരം കുറയ്ക്കാൻ സാധിക്കൂ. സമീകൃതമായ ആഹാരം കൃത്യ അളവിൽ കഴിച്ച്, കാലറി നിയന്ത്രിച്ചു വേണം വണ്ണം കുറയ്ക്കാൻ.