നാടകീയ രംഗങ്ങൾക്ക് തിരശ്ശീല! ഓപ്പൺഎഐ മേധാവി സ്ഥാനത്ത് തിരിച്ചെത്തി സാം ആൾട്മാൻ


ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ ഓപ്പൺ എഐയുടെ സിഇഒ ആയി സാം ആൾട്മാൻ വീണ്ടും തിരിച്ചെത്തി. ആൾട്മാനെ പുറത്താക്കിയതിന് പിന്നാലെ കമ്പനിയിൽ നിന്ന് രാജിവെച്ച ഗ്രെഗ് ബ്രോക്ക്മാനും തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ, ഇടക്കാല സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട മിറ മൊറാട്ടിയും തിരിച്ചെത്തി. തന്നെ പുറത്താക്കിയതിന് പിന്നിൽ പ്രവർത്തിച്ച ഓപ്പൺഎഐയുടെ സഹസ്ഥാപകനായ ഇല്യ സുറ്റ്സ്കേവറിനോട് യാതൊരു തരത്തിലുമുള്ള വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് സാം ആൾട്മാൻ വ്യക്തമാക്കി. ഗവേഷണ പദ്ധതികളുമായി ഓപ്പൺ എ ഐ മുന്നോട്ടുപോകുമെന്നും, അതിന്റെ സുരക്ഷയ്ക്ക് വേണ്ടി കൂടുതൽ നിക്ഷേപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാം ആൾട്മാൻ ഓപ്പൺ ആയിയിലേക്ക് തിരിച്ചെത്തിയതോടെ, മൈക്രോസോഫ്റ്റിലെ വോട്ടവകാശം ഇല്ലാത്ത ബോർഡ് അംഗമായും അദ്ദേഹം ചുമതലയേറ്റു. 49 ശതമാനം ഓഹരിയുമായി ഓപ്പൺഎഐയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. ഓപ്പൺഎഐയിൽ നിന്ന് സാം ആൾട്മാനെ പുറത്താക്കിയതോടെ, മൈക്രോസോഫ്റ്റ് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. സാം ആൾട്മാൻ മൈക്രോസോഫ്റ്റിന്റെ നേതൃനിരയിലേക്ക് എത്തുന്ന വിവരം മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയാണ് പങ്കുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് ദിവസങ്ങൾ നീണ്ട ചർച്ചക്കൊടുവിലാണ് ആൾട്മാനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിലേക്ക് ഓപ്പൺഎഐ എത്തിയത്.