രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഫെയിം 2 സബ്സിഡി പദ്ധതിക്കായി കോടികൾ അനുവദിക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പദ്ധതിയിലേക്ക് അധികമായി 1500 കോടി രൂപയാണ് അനുവദിക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഫെയിം 2 സബ്സിഡി പദ്ധതിയുടെ വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് തുക വീണ്ടും അനുവദിച്ചത്. അതേസമയം, ഫെയിം 2 വിഹിതം 10,000 കോടി രൂപയിൽ നിന്ന് 11,500 കോടിയാക്കി ഉയർത്തുന്നതും കേന്ദ്രസർക്കാറിന്റെ പരിഗണനയിലുണ്ട്. കൂടുതൽ തുക അനുവദിക്കുന്നതോടെ ഇലക്ട്രിക് ടു വീലറുകളുടെ ടാർഗറ്റ് 60 ശതമാനം ഉയർന്ന് 15.5 ലക്ഷമായും, ഇലക്ട്രിക് ത്രീ വീലറുകളുടേത് 23 ശതമാനം ഉയർന്ന് 1.55 ലക്ഷമായും, ഇലക്ട്രിക് ഫോർ വീലറകളുടേത് 177 ശതമാനം ഉയർന്ന് 30,461 യൂണിറ്റുമാകും.