അടിമുടി മാറാൻ ആകാശ എയർ! അന്താരാഷ്ട്ര സർവീസുകൾക്ക് ഉടൻ തുടക്കമിടും


രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ പുതിയ പദ്ധതികളുമായി ആകാശ എയർ എത്തുന്നു. ഉടൻ തന്നെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനാണ് ആകാശ എയറിന്‍റെ തീരുമാനം. ആദ്യ ഘട്ടത്തിൽ മിഡിൽ ഈസ്റ്റിലെയും, തെക്ക് കിഴക്കൻ ഏഷ്യയിലെയും പ്രധാന നഗരങ്ങളിലേക്കാണ് സർവീസ് നടത്തുക. ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ സർക്കാരുകളുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ആകാശ എയർ. ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങളിലേക്കും സർവീസ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾക്ക് ആകാശ തുടക്കമിട്ടിട്ടുണ്ട്.

2022 ഓഗസ്റ്റിലാണ് ആകാശ എയർ പ്രവർത്തനമാരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ 20 ഓളം വിമാനങ്ങൾ ആകാശ എയർ സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സർവീസുകൾക്ക് യോഗ്യത നേടുന്നതിന് എയർലൈനിന് ഏറ്റവും കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ. ഈ സാഹചര്യത്തിലാണ് ആകാശ എയർ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാൻ അനുമതി തേടിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ആകാശ എയർ പൈലറ്റുമാരുടെ എണ്ണം ഉയർത്തിയിട്ടുണ്ട്. 150 പൈലറ്റുമാരെ പുതുതായി റിക്രൂട്ട് ചെയ്തതോടെ, ആകെ പൈലറ്റുമാരുടെ എണ്ണം 500-ലധികമായി. 2027 ന്റെ പകുതിയോടെ 76 വിമാനങ്ങളുമായി സർവീസുകൾ വിപുലീകരിക്കാനാണ് ആകാശ എയറിന്റെ തീരുമാനം. ഇതിനായി കൂടുതൽ വിമാനങ്ങൾ ഉടൻ തന്നെ വാങ്ങുന്നതാണ്.