തിരഞ്ഞെടുത്ത മോഡലുകൾക്ക് വമ്പൻ ഡിസ്കൗണ്ട്! മാരുതിയുടെ ഈ കാറുകൾ സ്വന്തമാക്കാൻ സുവർണ്ണാവസരം


തിരഞ്ഞെടുത്ത മോഡൽ കാറുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി. ഈ വർഷം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മോഡലുകൾക്ക് ആകർഷകമായ കിഴിവ് ഒരുക്കിയിരിക്കുന്നത്. ക്യാഷ് ഡിസ്കൗണ്ടിന് പുറമേ, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യം എന്നീ ഇനങ്ങളിലും ഓഫർ നേടാനുള്ള അവസരമുണ്ട്. ഡിസംബർ 31 വരെയാണ് ഓഫർ ലഭിക്കുക.

മാരുതി അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച ജിംനി തണ്ടർ എഡിഷന്റെ വില എക്സ് ഷോറൂമിൽ 10.74 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ മോഡലിന് ഇപ്പോൾ 2 ലക്ഷം രൂപ മുതൽ 2.3 ലക്ഷം രൂപ വരെയാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, വിപണിയിലെ ജനപ്രിയ മോഡലായ ഫ്രോൻക്സിനും ഡിസ്കൗണ്ട് ലഭ്യമാണ്. ഏകദേശം 40,000 രൂപ വരെയാണ് ഈ മോഡലിന് ഡിസ്കൗണ്ടായി ലഭിക്കുക. ഫ്രോൻക്സിന്റെ തിരഞ്ഞെടുത്ത മോഡലുകൾക്കാണ് ഈ ഓഫർ.

ഗ്രാൻഡ് വിറ്റാരയ്ക്ക് 25,000 രൂപ മുതൽ 35,000 രൂപ വരെയും ഡിസ്കൗണ്ട് ലഭ്യമാണ്. ഹൈബ്രിഡ് പതിപ്പിനും ഈ ഓഫർ ലഭിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചു. അതേസമയം, ഉൽപ്പാദന ചെലവ് വർദ്ധിച്ച പശ്ചാത്തലത്തിൽ 2024 ജനുവരി മുതൽ വിവിധ മോഡലുകളുടെ വില കൂട്ടുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, വില വർദ്ധനയുടെ തോത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.