സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ


സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,720 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,715 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഡിസംബർ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവില ഉള്ളത്. ആഗോളതലത്തിൽ വില ഇടിഞ്ഞതോടെയാണ് ആഭ്യന്തര വിപണിയിലും അവ പ്രതിഫലിച്ചിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 440 രൂപയും, ഗ്രാമിന് 55 രൂപയും ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.

കേരളത്തിന്റെ ചരിത്രത്തിലെ സർവകാല റെക്കോർഡ് രേഖപ്പെടുത്തിയത് ഡിസംബർ നാലാം തീയതിയാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 47,080 രൂപയും, ഗ്രാമിന് 5,885 രൂപയുമായിരുന്നു നിരക്ക്. നിലവിൽ, സ്വർണവിലയിൽ ഉണ്ടായ ഇടിവ് ആഗോളതലത്തിലെ ലാഭമെടുപ്പിനെ തുടർന്ന് ഉണ്ടായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില 2000 ഡോളർ എന്ന നിർണായക വില നിലവാരം പിന്നിട്ടിരുന്നു. എന്നാൽ, ദീർഘകാല അടിസ്ഥാനത്തിൽ സ്വർണവില ഇനിയും ഉയർന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.