സാധാരണക്കാരന് ഏറ്റവും വിലക്കുറവിൽ വില റീചാർജ് പ്ലാനുകൾ ലഭ്യമാക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. നിരക്ക് കുറഞ്ഞതും, ആകർഷകമായ ആനുകൂല്യവുമാണ് ബിഎസ്എൻഎൽ റീചാർജ് പ്ലാനുകളുടെ പ്രധാന പ്രത്യേകത. ഇപ്പോഴിതാ ബിഎസ്എൻഎല്ലിന്റെ ഒരു ദീർഘകാല വാലിഡിറ്റി പ്ലാനിൽ എക്സ്ട്രാ 3 ജിബി ഡാറ്റ കൂടി അനുവദിച്ചിരിക്കുകയാണ് കമ്പനി. ഈ അധിക ആനുകൂല്യങ്ങൾ നേടണമെങ്കിൽ ചില പ്രത്യേക കാര്യങ്ങൾ കൂടി ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ബിഎസ്എൻഎല്ലിന്റെ 105 ദിവസം വാലിഡിറ്റിയുള്ള പ്ലാനിലാണ് അധികമായി 3 ജിബി ഡാറ്റ ലഭിക്കുക. 666 രൂപയാണ് ഈ റീചാർജ് പ്ലാനിനായി ചെലവഴിക്കേണ്ടത്. 3 ജിബി ഡാറ്റ അധികമായി ലഭിക്കണമെങ്കിൽ ഉപഭോക്താക്കൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീചാർജ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അധികമായി ലഭിക്കുന്ന ഡാറ്റയ്ക്ക് പുറമേ, പ്രതിദിനം 2 ജിബി ഡാറ്റയും ഈ പ്ലാനിന് കീഴിൽ ലഭ്യമാണ്. കൂടാതെ, 100 എസ്എംഎസും സൗജന്യമായി ലഭിക്കും. പരിമിത കാലത്തേക്ക് മാത്രമാണ് ബിഎസ്എൻഎൽ ഈ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.