വാണിജ്യ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്സ്, അറിയാം പുതുക്കിയ നിരക്കുകൾ


രാജ്യത്ത് വാണിജ്യ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. 2024 ജനുവരി മുതൽ വാണിജ്യ വാഹനങ്ങൾക്ക് 3 ശതമാനം വില വർദ്ധനവാണ് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതും, നിർമ്മാണ ചെലവുകൾ വർദ്ധിച്ചതുമാണ് വില വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ. അതേസമയം, അടുത്ത വർഷം മുതൽ തിരഞ്ഞെടുത്ത മോഡൽ കാറുകളുടെ വില വർദ്ധിപ്പിക്കുന്നതും ടാറ്റാ മോട്ടോഴ്സിന്‍റെ പരിഗണനയിൽ ഉണ്ട്. കാറുകൾക്ക് 2 ശതമാനം വരെ വില ഉയർത്തിയേക്കുമെന്നാണ് സൂചന.

ലോഹങ്ങൾ, മറ്റ് കമ്പോള ഉൽപ്പന്നങ്ങൾ എന്നിവയിലെ വിലക്കയറ്റം വാഹനങ്ങളുടെ ഉൽപ്പാദന ചെലവ് കുത്തനെ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ടാറ്റ മോട്ടോഴ്സിന് പുറമേ, രാജ്യത്തെ മറ്റു പ്രമുഖ വാഹന നിർമ്മാതാക്കളായ ഓഡി, മാരുതി സുസുക്കി, ഹ്യുണ്ടായി എന്നിവ ഉൾപ്പെടെയുള്ള കമ്പനികൾ കാറുകളുടെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉൽപ്പാദന ചെലവ് പരമാവധി കുറച്ച്, വില വർദ്ധനവ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, അവ വിജയിച്ചില്ലെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. ജനുവരി 1 മുതൽ വിവിധ മോഡലുകളുടെ വില ഉയർത്താൻ ആഡംബര വാഹന നിർമ്മാതാക്കളായ ഓഡി ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യൻ കാർ വിപണി കഴിഞ്ഞ നാല് മാസമായി മികച്ച വളർച്ചയാണ് കാഴ്ചവെയ്ക്കുന്നത്.