ദിലീപിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ ചിത്രമാണ് മീശമാധവൻ. ചിത്രത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച പിള്ളേച്ചൻ എന്ന കഥാപാത്രവും ഗായത്രി വർഷ അവതരിപ്പിച്ച സരസു എന്ന കഥാപാത്രവും എല്ലാ കാലത്തും പ്രേക്ഷകർക്ക് ഓർത്തെടുക്കുന്ന ഒന്നാണ്. ഇപ്പോഴിതാ മീശമാധവനിലെ സരസു എന്ന കഥാപാത്രം ഒരു സ്ത്രീപക്ഷ കഥാപാത്രമായിരുന്നു എന്നാണ് അത് അവതരിപ്പിച്ച ഗായത്രി വർഷ പറയുന്നത്.
സ്വന്തം ആഗ്രഹ പ്രകാരം ജീവിക്കുന്ന സരസു എന്ന കഥാപാത്രം മുന്നോട്ട് വെക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമാണ് എന്നാണ് ഗായത്രി റിപ്പോർട്ടർ ടിവിയോട് പറയുന്നത്. നമ്മുടെ സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകൾ ശാന്തമ്മ, സരസു എന്നീ രണ്ട് കഥാപാത്രങ്ങളിൽ ഉണ്ടെന്നും ഒറ്റനോട്ടത്തിൽ സരസു നെഗറ്റീവ് ആണെന്ന് തോന്നുമെന്നും ഗായത്രി പറയുന്നു. പക്ഷേ ഒരു എഴുത്തു കാരന്റെയോ ആവിഷ്ക്കാരകന്റെയോ സാമൂഹ്യ രാഷ്ട്രീയ ബോധ്യത്തിൽ ഇതിൽ ഏതു സ്ത്രീയാണ് മുകളിൽ നിൽക്കുന്നത്? എന്നാണ് ഗായത്രി റിപ്പോർട്ടർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നത്.
‘സരസു കൃത്യമായി സ്ത്രീപക്ഷ രാഷ്ട്രീയം ഉന്നയിക്കുന്ന കഥാപാത്രമാണ്. സരസുവിന്റെ ഭർത്താവ് പട്ടാളക്കാരനാണ്. അയാൾ നാട്ടിലില്ല, അല്ലെങ്കിൽ മറ്റെന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അവൾക്ക് സ്വീകാര്യനായ ഒരാൾ വന്നപ്പോൾ അയാളെ സർവാത്മനാ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഇടം കാണിച്ചു കൊടുത്ത കഥാപാത്രമാണ്. അവളുടെ ആഗ്രഹമാണ്, സ്വാതന്ത്ര്യത്തോടെയുള്ള അവളുടെ തിരഞ്ഞെടുപ്പാണത്. പിള്ളേച്ചൻ തനിക്ക് സ്വീകാര്യനാണെന്നതിനാൽ വീട്ടിൽ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യ ബോധമുണ്ട്.
അതേസമയം, പിള്ളേച്ചൻ വീട്ടിൽ വിവാഹം ചെയ്ത് കൊണ്ടുവന്നിരിക്കുന്ന യാതൊരു മാനസിക വ്യാപാരങ്ങളും അറിയാത്ത ഒരു ശാന്തമ്മയുമുണ്ട് മറുവശത്ത്. ഇതിൽ ഏതാണ് വലിപ്പമേറിയ സ്ത്രീ എന്നത് ചോദ്യമാണ്. നമ്മുടെ സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകൾ ഈ രണ്ട് കഥാപാത്രങ്ങളിൽ ഉണ്ട്. ഒറ്റനോട്ടത്തിൽ സരസു നെഗറ്റീവ് ആണ്. പക്ഷേ ഒരു എഴുത്തുകാരന്റെയോ ആവിഷ്ക്കാരകന്റെയോ സാമൂഹ്യ രാഷ്ട്രീയ ബോധ്യത്തിൽ ഇതിൽ ഏതു സ്ത്രീയാണ് മുകളിൽ നിൽക്കുന്നത്?’, ഗായത്രി ചോദിക്കുന്നു.