പുതിയ മോഡലുകളുടെ വരവ് കരുത്തായി! രാജ്യത്ത് ഇലക്ട്രിക് ടൂ വീലർ വിൽപ്പന പുതിയ ഉയരങ്ങളിലേക്ക്


രാജ്യത്ത് ഇലക്ട്രിക് വാഹന ടൂ വീലർ വിൽപ്പന പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ വിപണിയിൽ നിന്ന് വലിയ രീതിയിൽ സ്വീകാര്യത നേടിയെടുക്കാൻ ഇലക്ട്രിക് ടൂ വീലറുകൾക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അടുത്ത വർഷത്തോടെ ഇന്ത്യയിലെ മൊത്തം ടൂ വീലർ വിൽപ്പന 10 ലക്ഷം കവിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. ഉപഭോഗത്തിലെ മികച്ച വർദ്ധനവും, ഉൽപ്പാദനത്തിലെ കുതിപ്പും, പുതിയ മോഡലുകളുടെ വരവുമാണ് ഇലക്ട്രിക് ടൂ വീലർ വിപണിക്ക് കരുത്ത് പകർന്നിരിക്കുന്നത്.

ബാറ്ററി സാങ്കേതികവിദ്യയിൽ ദൃശ്യമായിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളും, നവീന ഫീച്ചറുകളും കൂടുതൽ ആളുകളെ ഇലക്ട്രിക് ടൂ വീലർ വാങ്ങാൻ പ്രേരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നികുതിയിളവുകളും, മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, മുൻപ് ഒരിക്കലും ഇല്ലാത്ത തരത്തിലാണ് വൈദ്യുതി വാഹന നിർമ്മാണ രംഗത്ത് പുതിയ നിക്ഷേപം ഒഴുകിയെത്തിയിരിക്കുന്നത്. ഇന്ത്യൻ വൈദ്യുത വാഹന വിപണിയിലെ സാധ്യതകൾ മുന്നിൽകണ്ട് നിരവധി വിദേശ കമ്പനികളും, ആഭ്യന്തര സ്റ്റാർട്ടപ്പുകളും വൻ തോതിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.