ആഭ്യന്തര ഉൽപാദനം ഉണർവിൽ! നവംബറിൽ വ്യാപാര കമ്മി കുറഞ്ഞു


ന്യൂഡൽഹി: ആഭ്യന്തര ഉൽപാദനം കൂടുതൽ കരുത്താർജ്ജിച്ചതോടെ വ്യാപാര കമ്മി താഴേക്ക്. ഉൽപാദന രംഗത്ത് പുത്തൻ ഉണർവ് കൈവരിച്ചതോടെ നവംബർ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുത്തനെ ഇടിഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബറിലെ ഇറക്കുമതി 4.3 ശതമാനമായാണ് കുറഞ്ഞത്. ഇതോടെ, ആകെ ഇറക്കുമതി 5,448 കോടി ഡോളറിലെത്തി. സെപ്റ്റംബറിലെ മൊത്തം ഇറക്കുമതി 5,695 കോടി ഡോളറായിരുന്നു. രാജ്യത്തെ വിവിധ ഉൽപാദന മേഖലകൾ കൂടുതൽ കരുത്ത് നേടിയതോടെയാണ്, ഇറക്കുമതി ഗണ്യമായി കുറഞ്ഞത്. നിലവിൽ, രാജ്യത്തെ വ്യാപാര കമ്മി 2050 കോടി ഡോളറായി താഴ്ന്നിട്ടുണ്ട്.

അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമാകുന്നതിനാൽ, ഇത്തവണ കയറ്റുമതി മേഖലയിലും ചെറിയ തോതിൽ തിരിച്ചടി നേരിട്ടിട്ടുണ്ട്. നവംബറിലെ കയറ്റുമതി 2.8 ശതമാനമായാണ് ഇടിഞ്ഞത്. ഏപ്രിൽ മുതൽ വരെയുള്ള ആദ്യത്തെ 8 മാസത്തെ കയറ്റുമതി 27,880 കോടി ഡോളറാണ്. ഇതേ കാലയളവിലെ ഇറക്കുമതി 8.67 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ആഗോള മാന്ദ്യത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യൻ കയറ്റുമതി മേഖല മികച്ച പ്രകടനം തുടരുകയാണ്.