ചിക്കൻ കറി നൽകിയത് കുറഞ്ഞുപോയി: വർക്കലയിൽ ഹോട്ടൽ ഉടമയെ കഴിക്കാനെത്തിയവർ വെട്ടിപ്പരിക്കേൽപ്പിച്ചു


തിരുവനന്തപുരം: ചിക്കൻ കറി കുറഞ്ഞുപോയതിന്റെ പേരിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. വർക്കലയിൽ ഇന്നലെ പുലർച്ചെയോടെയാണ് ആക്രമണം നടന്നത്. വര്‍ക്കല രഘുനാഥപുരം സ്വദേശി നൗഷാദി(46) നാണ് പരിക്കേറ്റത്.

ചിക്കന്‍ കറി നല്‍കിയത് കുറഞ്ഞുപോയി എന്നാരോപിച്ച് ഹോട്ടലില്‍ ബഹളമുണ്ടാക്കിയ രണ്ടുപേർ നൗഷാദിനെ ആക്രമിക്കുകയായിരുന്നു. നൗഷാദിന്റെ തലയുടെ പിന്‍ഭാഗത്താണ് വെട്ടേറ്റത്.

വര്‍ക്കല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാൾ. വർക്കല താന്നിമൂട് സ്വദേശികളായ യുവാക്കളാണ് ആക്രമിച്ചത്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇവരുടെ ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.