റോബോട്ടിന്റെ ആക്രമണത്തില്‍ ടെസ്‌ലയിലെ ജീവനക്കാരന് പരിക്കേറ്റു


ന്യൂയോര്‍ക്ക്: ടെസ്‌ല റോബോട്ടിന്റെ ആക്രമണത്തില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. ഓസ്റ്റിനിലുള്ള ടെസ്‌ലയുടെ ഗിഗ ടെക്സാസ് ഫാക്ടറിയിലാണ് സംഭവം. 2021ലാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. റോബോട്ട്, ടെസ്‌ല ജീവനക്കാരനെ ഞെരിക്കുകയും അയാളുടെ പുറത്ത് ലോഹ നഖങ്ങള്‍ ആഴ്ത്തിയിറക്കുകയും
ചെയ്ത് പരിക്കേല്‍പ്പിച്ചെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റില്‍ പറയുന്നത്.

റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയര്‍ പ്രോഗ്രാമിങ് ജോലികളിലേര്‍പ്പെട്ടിരുന്ന ജീവനക്കാരന്‍ ആണ് ആക്രമണത്തിനിരയായത്. കാറുകള്‍ക്ക് ആവശ്യമായ ഭാഗങ്ങള്‍ മുറിച്ചെടുക്കുന്നതിനുള്ള റോബോട്ട് ആയിരുന്നു ആക്രമിച്ചത്. മൂന്നു റോബോട്ടുകളില്‍ രണ്ടെണ്ണം ഓഫാക്കിയിരുന്നു. എന്നാല്‍ മൂന്നാമത്തേത് അബദ്ധത്തില്‍ ഓണായി. ഇതാണ് മനുഷ്യനെ ആക്രമിച്ചത്.

ജീവനക്കാരന്റെ പരുക്ക് ഗുരുതരമല്ല. എന്നാല്‍ ജീവനക്കാരന് കുറച്ച് നാള്‍ ജോലിയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. 2021-ലോ 2022-ലോ ടെക്സാസ് ഫാക്ടറിയില്‍ റോബോട്ടുമായി ബന്ധപ്പെട്ട മറ്റ് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും റോബോട്ടിന്റെ ആക്രമണം ഉണ്ടാകാന്‍ കാരണം സുരക്ഷാ വീഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.