റെക്കോർഡ് കുറിച്ച് ആഭ്യന്തര സൂചികകൾ, തുടർച്ചയായ അഞ്ചാം നാളിലും നേട്ടത്തോടെ വ്യാപാരം


ഈ വർഷത്തെ അവസാന വ്യാപാര ദിനത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, റെക്കോർഡ് നേട്ടത്തിലേറി ആഭ്യന്തര സൂചികകൾ. തുടർച്ചയായ അഞ്ചാം ദിവസമാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിക്കുന്നത്. ആഗോള വിപണികളിൽ സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായെങ്കിലും, അവയെല്ലാം മറികടന്നാണ് ആഭ്യന്തര സൂചികകൾ മുന്നോട്ട് കുതിച്ചത്. സെൻസെക്സും നിഫ്റ്റിയും വ്യാപാരത്തിന്റെ ഒരുവേള പുതിയ ഉയരങ്ങൾ കീഴടക്കിയിരുന്നു. സെൻസെക്സ് 372 പോയിന്റ് നേട്ടത്തിൽ 72,410.38-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 124 പോയിന്റ് നേട്ടത്തിൽ 21,778.70-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.

രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും, യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ഒരുമിച്ചെത്തിയതോടെ ഇന്ത്യൻ വിപണിയിലേക്ക് വിദേശ പണമൊഴുക്ക് വലിയ രീതിയിലാണ് എത്തിയത്. ബിഎസ്ഇ മിഡ് ക്യാപ് സൂചികയും ഇന്ന് പുതിയ ഉയരം തൊട്ടു. മീഡിയ, റിയൽറ്റി ഒഴികെയുള്ള മേഖലകളെല്ലാം ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്സ്, ടാറ്റ മോട്ടോഴ്സ്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബിപിസിഎൽ, പവർഗ്രിഡ്, ഹീറോ മോട്ടോകോർപ്, നെസ്‌ലെ ഇന്ത്യ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സിപ്ല തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് സെൻസെക്സിന് കരുത്ത് പകർന്നത്.