ഒരു കാലത്ത് അപ്പുക്കുട്ടനായും മായിൻകുട്ടിയായും ഹൃദയഭാനുവായും മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ജഗദീഷ് പുതിയകാലത്ത് മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. തൻ്റെ കരിയറിന്റെ ആദ്യഘട്ടങ്ങളിൽ കോമേഡിയൻ ആയെങ്കിൽ നിലവിൽ സീരിയസ് റോളുകളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ ജഗദീഷിന് കഴിയുന്നുണ്ട്. അതിൻെറ ഒരു തുടക്കം എന്ന നിലയിൽ കാണാവുന്ന ചിത്രമാണ് 2021ലെ ഭ്രമം.അവയവ കടത്ത് മാഫിയയുടെ ആളുകളിൽ ഒന്നായ ഡോക്ടർ സാമിയുടെ വേഷമാണ് ജഗദീഷ് ആ ചിത്രത്തിൽ മനോഹരമാക്കിയത്. പട എന്ന ചിത്രത്തിൽ എത്തുമ്പോൾ സിവിൽ സർവീസുകാരൻ കൃഷ്ണകുമാർ എന്ന കഥാപാത്രത്തെ ജഗദീഷ് അവതരിപ്പിച്ചു. നായകനോ വില്ലനോ എന്ന് തിരിച്ചറിയാത്ത, പ്രേക്ഷക മനസുകളിൽ തങ്ങളുടെ വൈരൂപ്യത്തെ തന്നെ കാണിച്ചു കൊടുത്ത വിനീത് ശ്രീനിവാസൻ ചിത്രമായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിൽ ജഡ്ജി സംഘമേശ്വരൻ എന്ന സീരിയസ് റോളിലേക്ക് അദ്ദേഹം മാറുന്നുണ്ട്.
read also: കാനനപാതയിലെ കാളകെട്ടിയിൽ റോഡ് ഉപരോധിച്ച് തീർഥാടകരുടെ പ്രതിഷേധം
മമ്മൂട്ടി വളരെ വ്യത്യസ്തമായ വേഷമവതരിപ്പിച്ച റോഷാക്കിൽ നിർണായക കഥാപാത്രമായ അഷ്റഫ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ജഗദീഷ് കൈകാര്യം ചെയ്തത്. നായകന്റെ നിഗൂഢ രഹസ്യങ്ങൾ കണ്ടത്തുന്ന ബുദ്ധിമാനായ പോലീസ് ഓഫീസറെ അദ്ദേഹം മികച്ചതാക്കി. പൃഥ്വിരാജ് -ആസിഫലി ചിത്രമായ കാപ്പയിൽ എത്തുമ്പോൾ ജബ്ബാറായി താരമെത്തുന്നുണ്ട്. കൊട്ട മധുവിന്റെ സഹായിയായും സംരക്ഷകനായും മധുവിന്റെ മരണ ശേഷം കൊട്ട പ്രമീളയുടെ സംരക്ഷകനായും നിൽക്കുന്ന ജബ്ബാർ ഒരുപാട് അഭിനയ സാധ്യതകൾ ഉള്ള കഥാപാത്രമായിരുന്നു.
പുരുഷപ്രേതം എന്ന സിനിമയിലാവട്ടെ സിപിഒ ദിലീപ് എന്ന കഥാപാത്രമാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഡ്യൂട്ടിക്കിടയിൽ സീരിയൽ കാണാൻ പോകുന്ന , മടിയനും അലസനുമായ, ജോലി കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത പോലീസ് ഉദ്യോഗസ്ഥനെ വളരെ മനോഹരമായ രീതിയിലാണ് ജഗദീഷ് അവതരിപ്പിച്ചത്. ആക്ഷൻ ത്രില്ലർ ചിത്രമായ ഗരുഡനിൽ എത്തുമ്പോൾ സലാം എന്നു പറയുന്ന കഥാപാത്രമായിട്ടാണ് ജഗദീഷ് പ്രത്യക്ഷപ്പെട്ടത്. നിരന്തരം കള്ളുകുടിയനായ, അതേ സമയം ഒരു കേസിൽ നിർണായക സാന്നിധ്യമായി മാറുന്ന സലാമിനെ മികവുറ്റ രീതിയിൽ തന്നെ ജഗദീഷ് അവതരിപ്പിച്ചു.
സമീപകാലത്തിറങ്ങിയ ഫാലിമി എന്ന ബേസിൽ ചിത്രത്തിൽ അച്ഛൻ കഥാപാത്രമായ ചന്ദ്രൻ മലയാളിയെ ഏറെ ചിരിപ്പിച്ച ഒരു കഥാപാത്രമാണ്. ഹ്യൂമറും സെന്റിമെൻസും മാറിമാറി പ്രത്യക്ഷപ്പെടുന്ന ചന്ദ്രനെ ജഗദീഷ് ഏറെ മനോഹരമാക്കി. സിപിഒ ദിലീപിനെ പോലെ തന്നെ അലസനും മടിയനുമായ, ചന്ദ്രൻ പൂട്ടാറായി പോയ പ്രസിന്റെ ബാധ്യതകളും ചുമലിലിട്ട് അലസമായി തന്നെ കഴിഞ്ഞു കൂടുകയാണ്. ഒരു നടൻ അഭിനയിക്കുകയല്ല , കഥാപാത്രമായി ജീവിക്കുകയാണ് എന്ന പരാമർശം ഒരുപക്ഷേ ഫാലിമിയിലെ ചന്ദ്രനെ അനശ്വരമാക്കിയ ജഗദീഷിന് അങ്ങേയറ്റം അനുയോജ്യമാണ്. ചന്ദ്രനെന്ന കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി തല മൊട്ടയടിച്ച ജഗദീഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഓരോ കഥാപാത്രത്തിന് വേണ്ടിയും അതിന്റേതായ ഒരു ശരീര ഭാഷ കൊണ്ട് വരൻ ജഗദീഷിന് കഴിയുന്നുണ്ട്. ജീത്തു ജോസഫ് ചിത്രമായ നേര് എന്ന ചിത്രത്തിൽ സാറയുടെ രണ്ടാനച്ഛനായി ജഗദീഷ് മികച്ച പ്രകടനം കാഴ്ചവച്ചു.
തന്റെ പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന ജഗദീഷ് തനിക്ക് ലഭ്യമാകുന്ന ഇടങ്ങളിൽ അത്തരം കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുന്നു. മായിൻകുട്ടിയും അപ്പുക്കുട്ടനുമൊക്കെ ഭൂതകാലത്തിലെ ഓർമ്മകൾ ആണെങ്കിൽ ദിലീപും സലാമും ചന്ദ്രനും ജബ്ബാറും സ്വാമിയുമൊക്കെ ജഗദീഷിന്റെ കരിയറിലെ പൊൻ തൂവലുകളാണ്. മാറ്റത്തിന്റെ വഴിയെ സഞ്ചരിക്കുന്ന ജഗദീഷിൽ നിന്നും ഇനിയും ധാരാളം കഥാപാത്രങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.
രശ്മി അനിൽ