പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ 15 ആനകളെ അണിനിരത്തി മിനി പൂരം


തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനൊരുങ്ങി തൃശൂര്‍. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിക്കായി മിനിപൂരം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് പാറമേക്കാവ് ദേവസ്വം. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. 15 ആനകളെ അണിനിരത്തി മിനി പൂരമൊരുക്കാനാണ് ആലോചന. ജനുവരി മൂന്നിന് പ്രധാനമന്ത്രിയുടെ റോഡ്ഷോയുടെ സമയത്താണ് മിനിപൂരം ഒരുക്കാന്‍ പദ്ധതിയിടുന്നത്. ഇതിനായി സുരക്ഷാ അനുമതി തേടിയിട്ടുണ്ട്.

അനുമതി ലഭിച്ചാല്‍ പതിനഞ്ച് ആനകളെ അണിനിരത്തിയും ഇരുന്നൂറോളം പേരുടെ മേളവും അടങ്ങുന്ന മിനി പൂരം സംഘടിപ്പിക്കും. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാവും മിനി പൂരം നടത്തുക. നേരത്തേ 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കേരളം സന്ദര്‍ശിച്ചപ്പോഴാണ് തൃശൂരില്‍ മിനി പൂരം ഒരുക്കിയത്.

പൂരം പ്രദര്‍ശനത്തിന് തറവാടക വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഹരിക്കുന്നതിന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍ വിളിച്ച യോഗത്തിലും തീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനമായത്.