ജീവനക്കാർക്ക് ബോണസ് നൽകാതെ എക്സ്: നേരിടേണ്ടിവരിക വൻ നിയമനടപടികൾ


ജീവനക്കാർക്ക് ബോണസ് നൽകുന്നതിൽ പരാജയപ്പെട്ടതോടെ വൻ നിയമക്കുരുക്കിൽ അകപ്പെട്ട് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. 2022-ൽ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തശേഷം കമ്പനിയെ അടിമുടി പരിഷ്കരിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് പകുതിയിലധികം ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടിരുന്നു. എന്നാൽ, ഈ ജീവനക്കാരിൽ പലർക്കും അർഹമായ ബോണസ് നൽകാത്തതിന്റെ പേരിലാണ് എക്സ് നിയമനടപടി നേരിടുന്നത്.

ജീവനക്കാർക്ക് ബോണസ് നൽകുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിലുള്ള കേസ് റദ്ദ് ചെയ്യണമെന്ന് എക്സ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എക്സിന്റെ ആവശ്യം പൂർണമായും ഫെഡറൽ കോടതി തള്ളിയിട്ടുണ്ട്. 2022-ൽ കമ്പനി ഏറ്റെടുത്തതിനു ശേഷം ജീവനക്കാർക്ക് വാർഷിക ബോണസ് നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഈ വാഗ്ദാനം പാലിക്കാതെ വന്നതോടെയാണ് കമ്പനിയിലെ മുൻ കോമ്പൻസേഷൻ സീനിയർ ഡയറക്ടർ പരാതി നൽകിയത്. കമ്പനിയിൽ നിലവിലുള്ളവരും, മുൻപ് പ്രവർത്തിച്ചിരുന്നവരുമായ ജീവനക്കാർക്ക് ബോണസ് നൽകിയിട്ടില്ലെന്നാണ് പരാതി. എക്സിന്റെ ആവശ്യം പൂർണമായും തള്ളിയതോടെ, വൻ നിയമനടപടിയാണ് നേരിടേണ്ടിവരിക.