ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്: കർശന നിയന്ത്രണങ്ങളുമായി സർക്കാർ, ഉത്തരവ് പുറത്തിറക്കി


തിരുവനന്തപുരം: ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതൽ ഡോക്ടർമാർ താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതി നൽകുകയുള്ളൂ. സ്വകാര്യ പ്രാക്ടീസുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.

ഡോക്ടർമാർ താമസിക്കുന്ന സ്ഥലമാണെന്ന് വ്യക്തമാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിയുടെ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. ഈ സർട്ടിഫിക്കറ്റ് നിർബന്ധമായും ഡോക്ടർമാർ ആരോഗ്യ വകുപ്പിൽ ഹാജരാക്കണം. ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ എന്നിവയോട് ചേർന്നും, വാണിജ്യ സമുച്ചയങ്ങളോട് ചേർന്ന് നടത്തുന്ന സ്വകാര്യ പ്രാക്ടീസിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ നിയമലംഘനം നടത്തുകയാണെങ്കിൽ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.