സംശയാസ്പദമായ ഇടപാടുകൾ! ബിനാൻസ് അടക്കം 9 ക്രിപ്റ്റോ കമ്പനികൾക്ക് പൂട്ടുവീണേക്കും, നോട്ടീസ് അയച്ച് കേന്ദ്രം


ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസ് ഉൾപ്പെടെ ക്രിപ്റ്റോ കറൻസികൾ കൈകാര്യം ചെയ്യുന്ന 9 ഓഫ്ഷോർ ഡിജിറ്റൽ അസറ്റ് സേവന ദാതാക്കൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേന്ദ്രത്തിന്റെ നടപടി. 9 കമ്പനികൾക്കും കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, പണം തിരിമറി തടയൽ നിയമ (PMLA) വ്യവസ്ഥകൾ പാലിക്കാതെ നിയമവിരുദ്ധമായാണ് കമ്പനികളുടെ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നതെന്നും, ഉടൻ തന്നെ ബ്ലോക്ക് ചെയ്യണമെന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു.

ബിനാൻസിനൊപ്പം കുക്കോയിൻ, ഹുവോബി, ക്രാകെൻ, ഗേറ്റ് ഐഒ, ബിറ്റ്റെക്സ്, ബിറ്റ് സ്റ്റാമ്പ്, എംഇ.എക്സ്.സി, ഗ്ലോബൽ, ബിറ്റ്ഫിനെക്സ് എന്നീ കമ്പനികൾക്കുമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഈ കമ്പനികളുടെ വെബ്സൈറ്റുകളുടെ യുആർല്ലുകൾ ഉടൻ തന്നെ ബ്ലോക്ക് ചെയ്യണമെന്ന് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ഇന്ത്യയുടെ ഡയറക്ടർ ആവശ്യപ്പെട്ടു. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തി പ്രോസസ് ചെയ്യുന്നതിനും, വിശകലനം ചെയ്യുന്നതിനും അവ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും വിദേശ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റുകൾക്കും കൈമാറുന്നതിനും ഉത്തരവാദിത്തമുള്ള ദേശീയ ഏജൻസിയാണ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ഇന്ത്യ.