ഡീമാറ്റ്, മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ഉടമകൾക്ക് ആശ്വാസം! നോമിനേഷൻ സമർപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി


രാജ്യത്തെ ഡീമാറ്റ്, മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ഉടമകൾക്ക് ആശ്വാസവാർത്തയുമായി സെബി. നോമിനേഷൻ വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതിയാണ് വീണ്ടും നീട്ടി നൽകിയത്. ഇതോടെ, 2024 ജൂൺ 30 വരെ അക്കൗണ്ട് ഉടമകൾക്ക് നോമിനിയുടെ പേര് ചേർക്കാനാകും. നേരത്തെ ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. നിക്ഷേപകരുടെ അഭ്യർത്ഥന പ്രകാരമാണ് സെബി തീയതി നീട്ടി നൽകിയത്. തുടർച്ചയായി മൂന്നാം തവണയാണ് നോമിനേഷൻ നൽകാനുള്ള സമയപരിധി ദീർഘിപ്പിക്കുന്നത്.

മരണശേഷം നിക്ഷേപകരുടെ അക്കൗണ്ടിലുള്ള പണം ആർക്ക് കൈമാറണമെന്ന് നിർദ്ദേശം നൽകുന്നതാണ് നോമിനേഷൻ. ഡീമാറ്റ് അക്കൗണ്ടിൽ നോമിനേഷൻ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. ഇതിനായി എൻ.എസ്.ഡി.എൽ പോർട്ടലാണ് സന്ദർശിക്കേണ്ടത്. അതേസമയം, മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ഉള്ളവർക്ക് ഫണ്ട് വെബ്സൈറ്റുകളിലോ, രജിസ്ട്രാർ, ട്രാൻസ്ഫർ ഏജന്റുകളുടെ വെബ്സൈറ്റുകളിലോ നോമിനേഷൻ വിവരങ്ങൾ നൽകാൻ കഴിയും. പുതിയ നോമിനിയുടെ പേര് ചേർക്കാനും, നിലവിലുള്ള പേരിൽ മാറ്റം വരുത്താനും സാധിക്കുന്നതാണ്. അതേസമയം, നോമിനേഷൻ നൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതിനുള്ള ഓപ്ഷനും ലഭ്യമാണ്.