സമാധാന നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി


ധാക്ക: ബംഗ്ലാദേശി സമാധാന നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷാവിധി. യൂനുസും അദ്ദേഹത്തിന്റെ ഗ്രാമീണ്‍ ടെലികോമിലെ സഹപ്രവര്‍ത്തകരും തൊഴിലാളികള്‍ക്ക് ക്ഷേമഫണ്ട് അനുവദിച്ച് നല്‍കിയില്ലെന്ന കേസിലാണ് നടപടി. തന്റെ മൈക്രോഫിനാന്‍സ് ബാങ്കിംഗിലൂടെ ദരിദ്രരായ ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് 83കാരനായ മുഹമ്മദ് യൂനുസ്.

2006ലാണ് യൂനുസിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പലപ്പോഴും വിവിധ വിഷയങ്ങളില്‍ യൂനുസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. പലപ്പോഴും രാഷ്ട്രീയ എതിരാളികളായിരുന്നു ഇരുവരും. യൂനുസിന്റെ നേതൃത്വത്തിലുള്ള ഫിനാന്‍സ് കമ്പനി തൊഴിലാളികളുടെ ക്ഷേമനിധി രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നുമാണ് കേസിനാധാരം.