അന്ന് നിലത്തിരുന്ന് കരയാൻ മാത്രമേ സാധിച്ചുള്ളൂ, ആറുവർഷം മുൻപ് തനിക്കും ഇതേ അനുഭവമുണ്ടായി: ജയറാം


തൊടുപുഴ: വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടികര്‍ഷകർക്ക് സഹായവുമായി നടൻ ജയറാം. തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനായി മാറ്റിവച്ച പണം കുട്ടികളെ നേരില്‍ക്കണ്ട് നല്‍കുകയും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാനും ജയറാം പറഞ്ഞു. കർഷകർക്കായി അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ് ജയറാം  നൽകിയത്.

READ ALSO: ഹൈവേകൾ തടഞ്ഞ് ട്രക്ക്, ബസ് ഡ്രൈവർമാർ; ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു, കാരണമിത്

‘ഞാനും കാലിത്തൊഴുത്തുകൊണ്ടുനടക്കുന്നയാളാണ്. രണ്ട് തവണ കേരള സര്‍ക്കാരിന്റെ ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളില്‍ കൂടുതല്‍ സമയവും ഫാമിലാണ് ചെലവഴിക്കാറ്. ഈ കുഞ്ഞുങ്ങള്‍ക്കുണ്ടായ ഇതേ അനുഭവം ആറ് വര്‍ഷം മുമ്പ് ഉണ്ടായിട്ടുണ്ട്. ഒറ്റദിവസം 24 പശുക്കളാണ് ചത്തത്. അന്ന് നിലത്തിരുന്ന് കരയാൻ മാത്രമേ സാധിച്ചുള്ളൂ. വിഷബാധയേറ്റാണ് പശുക്കള്‍ ചത്തതെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. പക്ഷേ എങ്ങനെ വിഷബാധയേറ്റെന്ന് അറിയില്ല.’- ജയറാം പറഞ്ഞു

തൊടുപുഴ വെള്ളിയാമറ്റത്ത് കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവര്‍ നടത്തുന്ന ഫാമിൽ ഒറ്റ ദിവസം കൊണ്ട് 13 പശുക്കളാണ് ചത്തത്. ഇതില്‍ അഞ്ച് പശുക്കള്‍ക്ക് കറവയുണ്ടായിരുന്നു. പത്ത് ലക്ഷം രൂപയുടെ നാശമാണ് കണക്കാക്കുന്നത്. ഞായറാഴ്ച വൈകിട്ട് പശുക്കള്‍ക്ക് കപ്പത്തൊലി കൊടുത്തിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍.