സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഹരി വ്യാപാരങ്ങളുടെ തൽക്ഷണ സെറ്റിൽമെന്റ് ഉടൻ നടപ്പാക്കാനൊരുങ്ങി മാർക്കറ്റ് റെഗുലേറ്ററായ സെബി. 2024 മാർച്ച് മാസത്തിനകം തൽക്ഷണ സെറ്റിൽമെന്റ് സംവിധാനം നടപ്പിലാക്കാനാണ് സെബിയുടെ നീക്കം. ഘട്ടം ഘട്ടമായി ഇതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതാണ്. ആദ്യ ഘട്ടത്തിൽ ഉച്ചയ്ക്ക് 1:30 വരെയുള്ള ട്രേഡുകൾക്കായി ഒരു ഓപ്ഷണൽ T+O സെറ്റിൽമെന്റ് സൈക്കിൾ അവതരിപ്പിക്കും. ഇതിലെ ഫണ്ടുകളുടെയും സെക്യൂരിറ്റികളുടെയും സെറ്റിൽമെന്റ് അതേദിവസം 4:30-ന് തന്നെ പൂർത്തിയാക്കുന്നതാണ്.
രണ്ടാം ഘട്ടത്തിൽ, വൈകീട്ട് 3:30 വരെയുള്ള ട്രേഡുകൾക്കായി ഓപ്ഷണൽ ഇമ്മീഡിയേറ്റ് ട്രേഡ്-ബൈ-ട്രേഡ് സെറ്റിൽമെന്റ് നടത്തും. നേരത്തെയുള്ള പണമിടപാടുകൾ സംബന്ധിച്ച തൽസമയ അറിയിപ്പിനായി ഡെപ്പോസിറ്ററികൾക്കും, കോർപ്പറേഷനുകൾക്കും ഇടയിൽ എപിഐ അടിസ്ഥാനമാക്കിയുള്ള ഇന്റർഫേസ് നിർമ്മിക്കുന്നതാണ്. 2023 ജനുവരിയിൽ രാജ്യത്തെ സ്റ്റോക്ക് മാർക്കറ്റുകൾ T+1 സെറ്റിൽമെന്റിലേക്ക് മാറിയിരുന്നു. വ്യാപാരം നടത്തി അടുത്ത പ്രവൃത്തി ദിവസം തന്നെ സെറ്റിൽമെന്റ് തീർപ്പാക്കുന്ന സംവിധാനമാണിത്. എന്നാൽ, തൽക്ഷണ സെറ്റിൽമെന്റ് എത്തുന്നതോടെ ഇടപാടുകൾ തൽസമയ അടിസ്ഥാനത്തിൽ തീർപ്പാക്കാൻ സാധിക്കും.