ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നവംബർ മാസം നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം പുറത്തുവിട്ട് വാട്സ്ആപ്പ്. നവംബറിൽ മാത്രം 71 ലക്ഷം അക്കൗണ്ടുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നവംബറിൽ മാത്രം 8,841 പരാതികളാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ഈ പരാതികളുടെ അടിസ്ഥാനത്തിൽ അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. അതേസമയം, ഉപഭോക്താക്കളുടെ പരാതികൾ ഇല്ലാതെ തന്നെ 19,54,000 അക്കൗണ്ടുകൾക്കാണ് വാട്സ്ആപ്പ് സ്വമേധയാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച മുഴുവൻ വിവരങ്ങളും വാട്സ്ആപ്പിന്റെ പ്രതിമാസ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാട്സ്ആപ്പ് മുഖാന്തരം വ്യാപകമായി ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. 2021-ലെ ഐടി നിയമങ്ങൾ അനുസരിച്ച്, എല്ലാ മാസവും ഉപഭോക്തൃ സുരക്ഷാ റിപ്പോർട്ടുകൾ വാട്സ്ആപ്പ് പുറത്തുവിടാറുണ്ട്. ഇവയിൽ വാട്സ്ആപ്പ് സ്വീകരിച്ച നടപടികൾക്കൊപ്പം ഉപഭോക്താക്കളുടെ പരാതികൾ സംബന്ധിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വാട്സ്ആപ്പ് ദുരുപയോഗം തടയുന്നതിനായി സ്വീകരിച്ച പ്രതിരോധ നടപടികളും ഇതിൽ വിവരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഐടി നിയമങ്ങൾ പ്രകാരം, സോഷ്യൽ മീഡിയയിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യേണ്ടതും, ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും അതത് പ്ലാറ്റ്ഫോമുകളുടെ ചുമതലയാണ്. ഉപഭോക്താക്കളുടെ പരാതിയിൽ കൃത്യമായ നടപടി സ്വീകരിക്കാത്ത പക്ഷം, കേന്ദ്രസർക്കാർ രൂപീകരിച്ച ഗ്രിവൻസ് അപ്പല്ലറ്റ് കമ്മിറ്റിയിൽ ഉപഭോക്താക്കൾക്ക് പരാതി സമർപ്പിക്കാൻ സാധിക്കും.