രാജ്യത്ത് ഉപഗ്രഹ അധിഷ്ഠിത ഗിഗാബിറ്റ് ഫൈബർ സേവനങ്ങൾ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങി റിലയൻസ് ജിയോ. ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ (ഇൻ-സ്പേസ്) നിന്നും അനുമതി ലഭിച്ചാലുടൻ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് ജിയോ തുടക്കമിടും. ഫെബ്രുവരിയിൽ ഈ അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന. നിലവിൽ, അനുമതി ലഭിക്കുന്നതിന് ആവശ്യമായ രേഖകളെല്ലാം ജിയോ ഇൻ-സ്പേസിന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഗ്ലോബൽ സാറ്റലൈറ്റ് ബാൻഡ് വിഡ്ത് ഇന്ത്യയിൽ വിന്യസിക്കുന്നതിനായി ഈ അനുമതി അനിവാര്യമാണ്.
വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള അനുമതി ലഭിക്കുകയും, സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തതിനുശേഷം മാത്രമാണ് ഇൻ-സ്പേസ് അനുമതി നൽകുക. അതേസമയം, ഈ സേവനത്തിന് ടെലികോം വകുപ്പിൽ നിന്നുള്ള ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻസ് ബൈ സാറ്റലൈറ്റ് സർവീസസ് ലൈസൻസ് ഇതിനകം ജിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപഗ്രഹ വിനിമയ കമ്പനിയായ എസ്ഇഎസുമായി ചേർന്ന് കഴിഞ്ഞ വർഷമാണ് റിലയൻസ് സംയുക്ത സംരംഭത്തിന് തുടക്കമിട്ടത്. ഉപഗ്രഹങ്ങൾ വഴി ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.