അടിയന്തര സാഹചര്യങ്ങളിൽ ടിക്കറ്റ് ലഭിക്കാതിരുന്നാൽ മിക്ക യാത്രക്കാരും ആശ്രയിക്കുന്ന സംവിധാനങ്ങളിൽ ഒന്നാണ് തൽക്കാൽ ടിക്കറ്റുകൾ. ഏറെ പ്രയോജനകരമായ ഈ സേവനം യാത്രാ തീയതിക്ക് ഒരു ദിവസം മുൻപ് മാത്രമാണ് ബുക്ക് ചെയ്യാൻ സാധിക്കുക. എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തൽക്കാൽ ക്വാട്ടയ്ക്കായി മാറ്റിവെച്ചിട്ടുണ്ടാകും. എന്നാൽ, മിക്ക ആളുകൾക്കും ഉണ്ടാകുന്ന സംശയങ്ങളിൽ ഒന്നാണ് തൽക്കാൽ ടിക്കറ്റ് റദ്ദ് ചെയ്യാൻ കഴിയുമോ എന്നതും, അതിന് റീഫണ്ട് ലഭിക്കുമോ എന്നതും.
മറ്റു ടിക്കറ്റുകളെ പോലെ തന്നെ തൽക്കാൽ ടിക്കറ്റുകളും റദ്ദ് ചെയ്യാൻ സാധിക്കും. എന്നാൽ, എല്ലാ സന്ദർഭങ്ങളിലും റെയിൽവേ ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുകയില്ല. ടിക്കറ്റ് ചെയ്യാനുള്ള കാരണങ്ങളെ ആശ്രയിച്ചാണ് റീഫണ്ടുകൾ നൽകാറുള്ളത്. ട്രെയിൻ പുറപ്പെടുന്ന റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ 3 മണിക്കൂറിലധികം വൈകിയാൽ, തൽക്കാൽ ടിക്കറ്റ് ക്യാൻസൽ ചെയ്ത് റീഫണ്ട് ചെയ്യാവുന്നതാണ്. ഇതിനായി യാത്രക്കാരൻ ടിഡിആർ അഥവാ ടിക്കറ്റ് ഡെപ്പോസിറ്റ് റെസിഡെഡ് എടുക്കേണ്ടതുണ്ട്. റീഫണ്ട് തുക തിരികെ നൽകുമ്പോൾ, റെയിൽവേ ക്ലറിക്കൽ ചാർജുകൾ മാത്രമാണ് കുറയ്ക്കുന്നത്. അതുപോലെ ട്രെയിനിന്റെ റൂട്ട് മാറ്റിയാൽ, ആ വഴി യാത്ര ചെയ്യാൻ യാത്രക്കാരന് താൽപ്പര്യമില്ലെങ്കിൽ, ടിക്കറ്റ് റദ്ദാക്കിക്കൊണ്ട് റീഫണ്ട് ക്ലെയിം ചെയ്യാം.
തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷവും, ബുക്ക് ചെയ്ത റിസർവേഷൻ ക്ലാസിൽ യാത്രക്കാർക്ക് സീറ്റ് നൽകാൻ റെയിൽവേയ്ക്ക് കഴിയുന്നില്ലെങ്കിൽ, ടിക്കറ്റ് റദ്ദാക്കി റീഫണ്ട് ക്ലെയിം ചെയ്യാം. റിസർവേഷൻ വിഭാഗത്തിന് താഴെയുള്ള ഒരു വിഭാഗത്തിൽ ഒരു യാത്രക്കാരന് റെയിൽവേ സീറ്റ് നൽകുകയും യാത്രക്കാർക്ക് ആ ക്ലാസിൽ യാത്ര ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ യാത്രക്കാരന് ഉടൻ തന്നെ ടിക്കറ്റ് റദ്ദാക്കി റീഫണ്ട് ക്ലെയിം ചെയ്യാനാകും.