‘വീട്ടിലിരുന്നും വരുമാനമുണ്ടാക്കാം, വീഡിയോകൾ ലൈക്ക് ചെയ്യുക’: വീട്ടമ്മയ്ക്ക് നഷ്ടം 4.40 ലക്ഷം രൂപ


നെയ്യാറ്റിൻകര: ഓൺലൈൻ തട്ടിപ്പിലൂടെ നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് 4.40 ലക്ഷം രൂപ. വീട്ടിലിരുന്നും വരുമാനമുണ്ടാക്കാം എന്ന് വാഗ്ദാനം ചെയ്ത് എത്തിയ സംഘത്തിന്റെ വലയിൽ വീണാണ് വീട്ടമ്മയ്ക്ക് പണം നഷ്ടമായത്. ചെയ്യുന്ന ജോലിക്ക് ചെറിയ തുക അക്കൗണ്ടിൽ അയച്ചുകൊടുത്ത് ആദ്യം തന്നെ തട്ടിപ്പ് സംഘം വീട്ടമ്മയുടെ വിശ്വാസം നേടിയിരുന്നു. പിന്നീടായിരുന്നു തട്ടിപ്പ് നടന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് വീട്ടമ്മ പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ, മധ്യപ്രദേശ് ഗ്വാളിയർ ടാൻസൻ നഗറിലെ ഇൻഡസ് ബാങ്കിൽ അക്കൗണ്ടുള്ള ശിവം ശർമയുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഡിസംബർ 23 നാണ് വീട്ടിലിരുന്ന് ഓൺലൈനിലൂടെ ചെയ്യാവുന്ന ജോലികൾ സംബന്ധിച്ച് വീട്ടമ്മയ്ക്ക് വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചത്. പിന്നീട് ടെലിഗ്രാമിലൂടെ ലഭിച്ച ലിങ്കിലെ നിർദേശം അനുസരിച്ച് ഒരു സ്ഥാപനത്തിന് സ്റ്റാർ റേറ്റിങ് നൽകിയപ്പോൾ വീട്ടമ്മയ്ക്ക് 150 രൂപ ലഭിച്ചു. ചെറിയ ടാസ്‌ക്കുകൾ ചെയ്തപ്പോഴെല്ലാം ഇതുപോലെ പണം ലഭിച്ചു. ഇത്തരത്തിൽ 5000 രൂപയിലധികം ലഭിച്ചതോടെ വീട്ടമ്മയ്ക്കു വിശ്വാസമായി. തുടർന്ന് പ്രീ പെയ്ഡ് ടാസ്‌ക് എന്ന പേരിൽ തട്ടിപ്പ് സംഘം തുക അങ്ങോട്ട് ആവശ്യപ്പെടാൻ ആരംഭിച്ചു.

25,000 രൂപ വരെയുള്ള ടാസ്‌ക്കുകൾക്ക് വീട്ടമ്മയ്ക്ക് തിരികെ പണം ലഭിച്ചുകൊണ്ടിരുന്നു. പിന്നീട് വീട്ടമ്മ 4.40 ലക്ഷം രൂപ നൽകി. ഇതോടെ തട്ടിപ്പു സംഘത്തിന്റെ ഭാവവും മാറി. പണം തിരികെ നൽകാതിരിക്കാൻ ഇവർ ഓരോ ഒഴിവു കഴിവുകൾ പറഞ്ഞു തുടങ്ങി. സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയാണ് തുക നൽകിയതെന്നും പണം തിരികെ ലഭിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നും വീട്ടമ്മ പറഞ്ഞെങ്കിലും തട്ടിപ്പ് സംഘം ഇത് മുഖവിലക്കെടുത്തില്ല. 2 ലക്ഷം രൂപ കൂടി നൽകിയാൽ തുക തിരികെ നൽകാമെന്നായിരുന്നു തട്ടിപ്പ് സംഘം പറഞ്ഞത്. തുടർന്നാണ് വീട്ടമ്മ പരാതി നൽകാൻ തീരുമാനിച്ചത്.