ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ അഥവാ ലാഫിംഗ് ബുദ്ധ എല്ലാവരും ഇഷ്ടപെടുന്ന ഒന്നാണ്. ഒരു ചാക്കും തൂക്കിക്കൊണ്ട് നില്‍ക്കുന്ന ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ വളരെ സാധാരണമാണ്. സംതൃപ്തിയുടെയും സമൃദ്ധിയുടെയും പ്രതീകമാണ് ഈ രൂപം. ചിരിക്കുന്ന ബുദ്ധനെക്കുറിച്ച് ഒരു കഥയുണ്ട്. ജപ്പാനിലെ ടാങ് രാജവംശത്തില്‍ ജീവിച്ചിരുന്ന നാല് ഭാഗ്യദേവകളില്‍ ഒരാളായിരുന്നു ഹോട്ടേയ്. സെന്‍ ഗുരുവെന്ന രീതിയില്‍ പ്രശസ്തനാകണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമില്ലായിരുന്നു. അതിനാല്‍ത്തന്നെ ശിഷ്യവൃന്ദത്തെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നുമില്ല.
ഹോട്ടേയിയുടെ പ്രധാന പരിപാടി ഒരു ചാക്കില്‍ മിഠായികളും, പഴങ്ങളും മറ്റുമായി തെരുവുകള്‍തോറും നടക്കുകയും അതെല്ലാം കുട്ടികള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു. എപ്പോഴും അദ്ദേഹത്തിന് ചുറ്റുമായി കുട്ടികളുടെ ഒരു കൂട്ടമുണ്ടാകുമായിരുന്നു. യാത്രക്കിടെ മറ്റൊരു ബുദ്ധ സന്യാസിയെ കാണുമ്പോള്‍ നാണയങ്ങള്‍ക്കായി കൈനീട്ടുക അദ്ദേഹത്തിന്റെയൊരു പതിവായിരുന്നു.
ഒരിക്കല്‍ മറ്റൊരു സന്യാസി അദ്ദേഹത്തോട് ചോദിച്ചു. ‘ബുദ്ധന്‍ എന്തിന്റെ സൂചകമാണ്?’ ചോദ്യം കേട്ടപാടേ ഒന്നും മിണ്ടാതെ ഹോട്ടേയ് തന്റെ കയ്യിലുള്ള ചാക്ക് താഴെവച്ചു. അപ്പോള്‍ സന്യാസി വീണ്ടും ചോദിച്ചു ‘ബുദ്ധന്റെ പരമാര്‍ത്ഥമെന്താണ്?’ ഈ ചോദ്യം കേട്ടപ്പോള്‍ ഹോട്ടേയ് താഴെവച്ച ചാക്ക് എടുത്ത് തോളിലേറ്റി വേഗത്തില്‍ നടന്നു എന്നാണ് ഐതീഹ്യം.