നഷ്ടയാത്രയ്ക്ക് വിരാമം! കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തോടെ ഓഹരി വിപണി


രണ്ട് ദിവസം നീണ്ട നഷ്ടയാത്രയ്ക്ക് വിരാമമിട്ട് ആഭ്യന്തര സൂചികകൾ. ആഗോള വിപണിയിലെ ഘടകങ്ങൾ അനുകൂലമായി മാറിയതോടെയാണ് ആഭ്യന്തര സൂചികകൾ ഇന്ന് നേട്ടത്തിന്റെ പാതയിലേക്ക് സഞ്ചരിച്ചത്. ബിഎസ്ഇ സെൻസെക്സ് 490.97 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 71,847.57-ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 141.25 പോയിന്റ് നേട്ടത്തിൽ 21,658.60-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നൊരുവേള സെൻസെക്സ് 71,954.79 പോയിന്റ് വരെയും, നിഫ്റ്റി 21,685.65 പോയിന്റ് വരെയും ഉയർന്നിരുന്നു. ബിഎസ്ഇയിൽ ഇന്ന് 3,941 കമ്പനികളുടെ ഓഹരികൾ വ്യാപാരം ചെയ്തതിൽ, 2,574 ഓഹരികൾ നേട്ടത്തിലും, 1,267 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 100 ഓഹരികളുടെ വില മാറിയില്ല.

റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മാക്രോടെക് ഡെവലപ്പേഴ്സ്, ഗോദ്റേജ് പ്രോപ്പർട്ടീസ്, ടോറന്റ് പവർ, വോഡഫോൺ-ഐഡിയ, ഡിഎൽഎഫ് എന്നിവയാണ് നിഫ്റ്റിയിൽ കൂടുതൽ നേട്ടം ഉണ്ടാക്കിയത്. അതേസമയം, മാൻകൈൻഡ് ഫാർമ, ഗ്ലാൻഡ് ഫാർമ, നവീൻ ഫ്ലോറിൻ, അപ്പോളോ ടയേഴ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവയുടെ ഓഹരികളാണ് നിരാശപ്പെടുത്തിയത്. മുഖ്യ ഓഹരി സൂചികകൾ ഇന്ന് മുന്നേറിയെങ്കിലും, കേരളത്തിൽ നിന്നുള്ള ലിസ്റ്റ് കമ്പനികളിൽ ഇന്നും വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടില്ല.