നരേന്ദ്ര മോദി പ്രസംഗിച്ച മൈതാനത്ത് ചാണകവെള്ളം തളിക്കാൻ ശ്രമിച്ച കോൺഗ്രസിന്റെ വികലമായ മനസ്സ് പുറത്തായി- കെ. സുരേന്ദ്രൻ


തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച തൃശൂരിലെ തേക്കിൻ കാട് മൈതാനത്ത് ചാണകവെള്ളം ഒഴിക്കാൻ ശ്രമിച്ച കോൺഗ്രസിന്റെ പ്രവൃത്തി കാണിക്കുന്നത് അവരുടെ വികലമായ മനസാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഉപരാഷ്ട്രപതിയെ നേരത്തെ ജാതീയമായി ആക്ഷേപിച്ചവരാണ് കോൺഗ്രെസ്സുകാർ സമാനമായി അവർ രാഷ്ട്രപതിയേയും അവഹേളിച്ചിരുന്നു തേക്കിൻകാട് മൈതാനത്ത് ചാണകവെള്ളം ഒഴിക്കാൻ ശ്രമിച്ചതിലൂടെ ഇപ്പോഴിതാ പ്രധാനമന്ത്രിയെയും ഇവർ ജാതീയമായി ആക്ഷേപിക്കാൻ ശ്രമിക്കുന്നു.

ജനാധിപത്യരീതിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്നാൽ വികലമായ മനസോടെയല്ല പ്രതിഷേധിക്കേണ്ടത്. പ്രധാനമന്ത്രിയുടെ സന്ദർശനം ഇടത്-വലത് മുന്നണികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ് തൃശ്ശൂരിലെ ലക്ഷകണക്കിന് സഹോദരിമാരും അമ്മമാരും പ്രധാനമന്ത്രിയെ കാണാൻ എത്തി, ഇത് കോൺഗ്രസിനും സി പി എമ്മിനും സഹിക്കുന്നില്ല .

തൊഴിലുറപ്പ് പദ്ധതിയിലെയും സഹകരണ ബാങ്കിലെയും ജീവനക്കാരെ നിർബന്ധിച്ച് കൊണ്ടു വരുന്ന സിപിഎമ്മിനെ പോലെയല്ല സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാൻ എത്തിയതെന്നും ഇതിൽ പ്രകോപിതരായിട്ടാണ് ഇവർ പ്രധാനമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ തുനിയുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.