ഇന്ത്യ ആഗോളശക്തിയാകുന്നു, നരേന്ദ്രമോദിക്ക് കീഴിൽ സ്വീകരിച്ച നയതന്ത്രവിജയങ്ങൾ അക്കമിട്ട് പുകഴ്‌ത്തി ചൈനീസ് പത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പുകഴ്‌ത്തി ചൈനീസ് പത്രം. ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെയും നയതന്ത്രവിജയങ്ങളെയുമാണ് പത്രത്തിൽ അഭിനന്ദിച്ചിരിക്കുന്നത്. ചൈനീസ് ഭരണകൂടം നേരിട്ട് നിയന്ത്രിക്കുന്ന ഗ്ലോബൽ ടൈംസ് ആണ് ഇന്ത്യയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്.
‘ഭാരത് നറേറ്റീവ്’ എന്ന തലക്കെട്ടോടെയാണ് പത്രത്തിലെ ലേഖനം. ഇന്ത്യയുടെ വിദേശനയം ഏറെ വികസിച്ചുവെന്നും ഭാരതം വലിയൊരു ശക്തികേന്ദ്രമായി മാറുകയാണെന്നും ന്യൂഡൽഹിയുടേത് തന്ത്രപരമായ ഇടപെടലുകളും ചിന്താഗതികളുമാണെന്നും ലേഖനത്തിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ നാല് വർഷത്തെ ഇന്ത്യയുടെ ഭരണനേട്ടങ്ങളാണ് ലേഖനത്തിൽ എണ്ണിപ്പറയുന്നത്. ഷാങ്ഹായിലുള്ള ഫുഡൻ സർവ്വകലാശാലയിലെ സെന്റർ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിന്റെ ഡയറക്ടർ ഷാംഗ് ജിയാദോംഗ് ആണ് ലേഖകൻ.
ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ച, നഗരഭരണത്തിലുള്ള മെച്ചപ്പെടലുകൾ, അന്താരാഷ്‌ട്ര ബന്ധങ്ങളിൽ പുതുതായി സ്വീകരിച്ച നയങ്ങൾ പ്രത്യേകിച്ചും ചൈനയുമായി ബന്ധപ്പെട്ട്.. എന്നിവയെല്ലാം ലേഖനത്തിൽ പരാമർശിക്കുന്നു.മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വിദേശനയങ്ങൾ കൂടുതൽ മെച്ചപ്പെട്ടതായി.
ആഗോളശക്തിയാവുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സമീപനങ്ങളിൽ വന്നിരിക്കുന്ന പരിവർത്തനത്തിന് ഏതാണ്ട് പത്ത് വർഷത്തെ പ്രായം മാത്രം. ചെറിയ കാലയളവിൽ വന്ന വലിയ മാറ്റം. ഇന്ന് കണ്ടില്ലെന്ന് നടിക്കാനാവാത്ത വിധം ഇന്ത്യ വളർച്ച കൈവരിക്കുകയാണ് എന്നും ലേഖനം പറയുന്നു.