സൊമാലിയന്‍ തീരത്ത് ചരക്ക് കപ്പൽ റാഞ്ചി, കപ്പലില്‍ 15 ഇന്ത്യക്കാര്‍: യുദ്ധക്കപ്പൽ വിന്യസിച്ച് നാവികസേന


സൊമാലിയന്‍ തീരത്ത് അജ്ഞാത സംഘം ചരക്ക് കപ്പൽ റാഞ്ചി. ലൈബീരിയന്‍ പതാകയുള്ള ‘MV LILA NORFOLK’ എന്ന കപ്പലിനെയാണ് അറബിക്കടലില്‍ വെച്ച് ആക്രമിച്ചത്. 15 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലിലുള്ളത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് ചെന്നൈ യുദ്ധക്കപ്പല്‍ വിന്യസിച്ചു. തട്ടിക്കൊണ്ടുപോയ കപ്പലിനെ നാവികസേനാ വിമാനവും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യന്‍ നാവികസേനയുടെ വിമാനങ്ങള്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കപ്പല്‍ ഹൈജാക്ക് ചെയ്തത് സംബന്ധിച്ച വിവരം ലഭിച്ചത്. അറബിക്കടലിലെ ലൈബീരിയ ഫ്‌ലാഗ്ഡ് ബള്‍ക്ക് കാരിയറിനുള്ളില്‍ വെച്ചാണ് കപ്പല്‍ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം അജ്ഞാതരായ സായുധ അക്രമികള്‍ കപ്പലിലേക്ക് കയറുകയായിരുന്നു. ഈ വിവരം ഉടന്‍ തന്നെ ജീവനക്കാര്‍ യുകെഎംടിഒ പോര്‍ട്ടലിലൂടെ പങ്കുവെച്ച സന്ദേശത്തില്‍ അറിയിച്ചു.

കളിപ്പാട്ട കയറ്റുമതിയിലും ഇന്ത്യ നമ്പര്‍ വണ്‍: ആഗോള വിപണി കീഴടക്കി ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍

ഇതിന് പിന്നാലെ, നാവികസേന നടപടി ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ച ഐഎന്‍എസ് ചെന്നൈ യുദ്ധകപ്പലിനെ വഴിതിരിച്ചുവിട്ടത്. കൂടാതെ ആക്രമിക്കപ്പെട്ട കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കാന്‍ ഒരു പട്രോളിങ് വിമാനത്തെയും ചുമതലപ്പെടുത്തി. കപ്പലിന്റെ ചലനം നാവികസേനയുടെ വിമാനം നിരീക്ഷിക്കുകയാണെന്നും ഇതോടൊപ്പം സഹായത്തിനായി ഐഎന്‍എസ് ചെന്നൈ കപ്പല്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.