മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു: പുതിയ ചിത്രം പ്രഖ്യാപിച്ച്‌ നിർമാതാക്കൾ


കേരളത്തിലെ തിയേറ്ററുകളിൽ ചരിത്ര വിജയം കൈവരിച്ച മാളികപ്പുറം ചിത്രം റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്പോൾ അതേ ടീം പുതിയ ചിത്രത്തിനായി കൈകോർക്കുന്നു. സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിൽ മാളികപ്പുറത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവ നന്ദയും ശ്രീപദ് യാനും ഒന്നിക്കുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയുടെ ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ നിർമ്മാതാവായ മുരളി കുന്നുംപുറത്ത് ആണ് പുതിയ പ്രോജക്ടിന്റെ വിവരം പങ്കുവച്ചത്.

read also: അദ്ദേഹത്തിനൊരു ചീത്തപ്പേര് വരാൻ പാടില്ല, എന്ത് പ്രശ്നം വന്നാലും ലാലേട്ടൻ കൂടെ നില്‍ക്കുമെന്ന് ഉറപ്പാണ്: ഇടവേള ബാബു

കുറിപ്പ്

‘എപ്പോഴും നിറഞ്ഞ സ്നേഹത്തോടെയും ഹൃദ്യമായ ചിരിയോടെയും വലിയ ഊർജത്തോടെയും എനിക്ക് കാണാനാകുന്ന എന്റെ പ്രിയ സുഹൃത്ത് അഭിലാഷിനു എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഈ സന്തോഷകരമായ വേളയിൽ ഇരട്ടി മധുരം എന്നോണ്ണം എല്ലാവരോടും ഒരു സന്തോഷം ഞാൻ പങ്കു വെക്കുന്നു. മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായ മാളികപ്പുറം സിനിമയുടെ ടീം വീണ്ടും ഒന്നിക്കുകയാണ്. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ശ്രീ. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വാട്ടർമാൻ ഫിലിംസ് എൽ.എൽ.പിയുടെ ബാനറിൽ ഞാനും സ്പീഡ് വിങ് സർവീസസിന്റെ ബാനറിൽ ശ്രീ സനിൽ കുമാർ ബിയും യും ചേർന്ന് ഒരുക്കാൻ പോകുകയാണ്. ഈ വർഷം തന്നെ ഞങ്ങളുടെ ആ സ്വപ്ന സിനിമ നിങ്ങളുടെ മുൻപിലേക്ക് എത്തും. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഞങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്.

ചിത്രത്തിന്റെ നായക കഥാപാത്രത്തിനെ അവതരിപ്പിക്കുന്ന സൂപ്പർ താരത്തിന്റെ പേര് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. മറ്റു താരങ്ങളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം രഞ്ജിൻ രാജും, പി ആർ ഓ പ്രതീഷ് ശേഖറുമാണ്.