അയോധ്യ: തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അയോധ്യയിലെ രാമക്ഷേത്രം. ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടത്തില്‍ ആന, സിംഹം, ഹനുമാന്‍, ഗരുഡന്‍ എന്നിവയുടെ അലങ്കരിച്ച പ്രതിമകള്‍ സ്ഥാപിച്ചു. രാജസ്ഥാനിലെ ബന്‍സി പഹാര്‍പൂര്‍ പ്രദേശത്ത് നിന്ന് ലഭിച്ച കല്ലുകള്‍ ഉപയോഗിച്ചാണ് പ്രതിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള പടികള്‍ക്ക് ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന തട്ടുകളുള്ള സ്ലാബുകളിലാണ് ഈ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്.
‘ക്ഷേത്രത്തിലേക്കുള്ള പ്രവേശനം കിഴക്ക് ഭാഗത്തുനിന്നായിരിക്കും. തെക്ക് വശത്ത് നിന്ന് തീര്‍ത്ഥാടകര്‍ക്ക് പുറത്തുകടക്കാനാകും. കൂടാതെ ക്ഷേത്രം മൂന്ന് നിലകളായി തോന്നുന്ന തരത്തിലായിരിക്കും ഘടന,’ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. സന്ദര്‍ശകര്‍ കിഴക്ക് ഭാഗത്ത് നിന്ന് 32 പടികള്‍ കയറിയാകും പ്രധാന ക്ഷേത്രത്തിലെത്തുക.
ട്രസ്റ്റ് പങ്കുവെച്ച ചിത്രങ്ങള്‍ അനുസരിച്ച്, താഴത്തെ സ്ലാബില്‍ ഓരോ ആനയുടെ പ്രതിമയും, രണ്ടാം നിലയില്‍ ഓരോ സിംഹത്തിന്റെ പ്രതിമയും ഏറ്റവും മുകളിലത്തെ സ്ലാബില്‍ ഹനുമാന്റെ പ്രതിമയും ഒരു വശത്ത് ഗരുഡ പ്രതിമയുമാണ്.
പരമ്പരാഗത നാഗര ശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്ര സമുച്ചയം 380 അടി നീളവും (കിഴക്ക്-പടിഞ്ഞാറ് ദിശയും), 250 അടി വീതിയും 161 അടി ഉയരവുമുള്ളതാണ്.
392 തൂണുകളും 44 കവാടങ്ങളുമുള്ള ക്ഷേത്രത്തിന്റെ ഓരോ നിലയും 20 അടി ഉയരത്തിലായിരിക്കും.