ക്ലിക്കുകളിൽ ഇനി ഒളിച്ചുകളിയില്ല! ഓരോ നീക്കവും സൂക്ഷ്മമായി വീക്ഷിക്കും, പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്


ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഫേസ്ബുക്ക്. അതുകൊണ്ടുതന്നെ പരസ്യ വിതരണത്തിനായി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ വളരെ രീതിയിലുള്ള വിമർശനങ്ങൾ ഫേസ്ബുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ഉപഭോക്താക്കളുടെ സമ്മതമില്ലാതെയാണ് ഫേസ്ബുക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചിരുന്നത്. പിന്നീട് അവ പരസ്യ ദാതാക്കൾക്ക് കൈമാറുകയായിരുന്നു. ഇപ്പോഴിതാ ഉപഭോക്താക്കളുടെ ഓരോ ക്ലിക്കുകളും സൂക്ഷ്മമായി വീക്ഷിക്കാൻ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. ‘ലിങ്ക് ഹിസ്റ്ററി’ എന്ന പേരിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, മൊബൈൽ വേർഷൻ ഉപഭോക്താക്കൾക്ക് മാത്രം ലഭിക്കുന്ന തരത്തിലാണ് ഫീച്ചറിന്റെ ക്രമീകരണം.

ലിങ്ക് ഹിസ്റ്ററി ഫീച്ചർ എല്ലാ ഉപഭോക്താക്കളുടെയും ഫോണിൽ ഓട്ടോമാറ്റിക്കായി ആക്ടിവേറ്റ് ആയിരിക്കും. അതായത്, ഉപഭോക്താക്കൾ ഫേസ്ബുക്കിൽ എന്തൊക്കെയെല്ലാം ക്ലിക്ക് ചെയ്യുന്നോ, അതെല്ലാം കൃത്യമായി ശേഖരിക്കും. ഇത് ഉപഭോക്താക്കളിലേക്ക് കൂടുതൽ പരസ്യങ്ങൾ എത്തിക്കാൻ സഹായിക്കുന്നതാണ്. അതേസമയം, ഈ ഫീച്ചർ ഓഫ് ചെയ്തു വയ്ക്കാനുള്ള സൗകര്യവുമുണ്ട്. എന്തെല്ലാം ലിങ്കുകൾ ഉപഭോക്താക്കൾ ക്ലിക്ക് ചെയ്തിട്ടുണ്ടെന്ന വിവരങ്ങൾ ലിങ്ക് ഹിസ്റ്ററിയിൽ സൂക്ഷിച്ച് വയ്ക്കുന്നതാണ്. പരമാവധി 30 ദിവസം വരെയാണ് ഇത്തരത്തിൽ ലിങ്കുകൾ സൂക്ഷിച്ച് വയ്ക്കുക. അതേസമയം, ലിങ്ക് ഹിസ്റ്ററി ഓഫ് ചെയ്യുകയാണെങ്കിൽ, ശേഖരിച്ച വിവരങ്ങൾ 90 ദിവസത്തിനുള്ളിൽ നീക്കം ചെയ്യും. ഘട്ടം ഘട്ടമായി മുഴുവൻ ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തിക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം.