പുതുവർഷത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ പ്ലാൻ ഉണ്ടോ? കുറച്ച് ദിവസം കൂടി കാത്തിരുന്നാൽ ലഭിക്കുക ഇരട്ടി ലാഭം


പുതുവർഷത്തിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നവർ ഏറെയാണ്. അതുകൊണ്ടുതന്നെ ഉപഭോക്തൃ താൽപര്യം തിരിച്ചറിഞ്ഞ്, അടുത്ത വ്യാപാര ഉത്സവത്തിനായുള്ള കാത്തിരിപ്പിലാണ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ. കുറച്ചുദിവസം കൂടി കാത്തിരിക്കുകയാണെങ്കിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം വമ്പിച്ച കിഴിവിൽ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആമസോൺ, ഫ്ലിപ്കാർട്ട് അടക്കമുള്ള കമ്പനികൾ ഗംഭീര ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്. അടുത്ത പത്ത് ദിവസത്തിനകം ഉപഭോക്താക്കൾക്ക് ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും.

ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2024 പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമോഷണൽ വെബ് പേജ് ഇതിനോടകം തന്നെ സജീവമായിട്ടുണ്ട്. സ്മാർട്ട്ഫോണുകൾ ലാപ്ടോപ്പുകൾ, ടാബ്‌ലറ്റുകൾ, ഓഡിയോ ഉൽപ്പന്നങ്ങൾ, മറ്റ് കൺസ്യൂമർ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവക്കെല്ലാം റിപ്പബ്ലിക് ഡേ സെയിലിൽ ആകർഷകമായ ഓഫറുകൾ ലഭിക്കാറുണ്ട്. സെയിൽ ആരംഭിക്കുന്ന തീയതി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ഓഫറുകളെ കുറിച്ച് ചില സൂചനകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സ്മാർട്ട്ഫോണുകൾക്കും അതിന്റെ ആക്സസറികൾക്കും 40 ശതമാനം വരെയാണ് ആമസോൺ കിഴിവ് നൽകുന്നത്. അതേസമയം, ലാപ്ടോപ്പുകൾക്ക് 75 ശതമാനം വരെയും കിഴിവുകൾ ലഭിക്കും.