ഹമാസ് നേതാവ് സലേ അല്‍ അരൂരിയുടെ കൊലപാതകത്തിനു മറുപടിയായി ഹിസ്ബുള്ള ഭീകരരുടെ ആക്രമണം


ബെയ്‌റൂട്ട്: ഹമാസ് നേതാവ് സലേ അല്‍ അരൂരിയുടെ കൊലപാതകത്തിനു മറുപടിയായി ഹിസ്ബുള്ള ഭീകരരുടെ ആക്രമണം. വടക്കന്‍ ഇസ്രയേലിലെ മെറോണ്‍ വ്യോമതാവളം ലക്ഷ്യമിട്ട് 62 മിസൈലുകള്‍ ഹിസ്ബുള്ള  തൊടുത്തുവിട്ടു. വടക്കന്‍  ഇസ്രയേലി  പട്ടണങ്ങളില്‍ വ്യോമാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന സൈറണ്‍ മുഴങ്ങി.

വിവിധ തരത്തില്‍പ്പെട്ട 62 മിസൈലുകളാണ് പ്രയോഗിച്ചതെന്നും അരൂരിയുടെ കൊലപാതകത്തിനുള്ള മറുപടിയുടെ തുടക്കം മാത്രമാണിതെന്നും ഹിസ്ബുള്ള പറഞ്ഞു. അതേസമയം മെറോണ്‍ താവളത്തിനു നേര്‍ക്ക് 40 മിസൈലുകളാണ് വന്നതെന്നും മിസൈല്‍ വിക്ഷേപണത്തില്‍ പങ്കെടുത്ത ഭീകര സെല്ലിനെ ആക്രമണത്തില്‍ തകര്‍ത്തുവെന്നും ഇസ്രയേല്‍ അറിയിച്ചു. ഇരുവിഭാഗവും ആളപായത്തെക്കുറിച്ച് പറഞ്ഞിട്ടില്ല.

ചൊവ്വാഴ്ച ലബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ഹമാസ് രാഷ്ട്രീയവിഭാഗം ഡെപ്യൂട്ടി മേധാവി അല്‍ അരൂരി കൊല്ലപ്പെട്ടത്. ഇതിനു തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുള്ള മേധാവി ഹസന്‍ നസറുള്ള ഭീഷണി മുഴക്കിയിരുന്നു.