കറുത്ത പൊന്നിന് ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്! കേരളത്തിലെ കർഷകർക്ക് വീണ്ടും നല്ലകാലം


ഉത്തരേന്ത്യൻ വിപണികളിൽ കുരുമുളക് വില കുതിച്ചുയർന്നതോടെ കേരളത്തിലെ കർഷകർക്ക് ഇരട്ടി ലാഭം. പുതുവർഷത്തിൽ കിലോയ്ക്ക് 25 രൂപ വരെയാണ് കറുത്ത പൊന്നിന്റെ വില ഉയർന്നിരിക്കുന്നത്. കേരളത്തിലെ വിപണിയിലും  കുരുമുളക് വില നേരിയ തോതിൽ ഉയർന്ന് തുടങ്ങിയിട്ടുണ്ട്. നിലവിൽ, കുരുമുളക് കർഷകർക്ക് നല്ല കാലമാണെങ്കിലും, വില ഉയർന്ന സാഹചര്യത്തിൽ ഇടനിലക്കാർ കുരുമുളക് പിടിച്ചുവെച്ച് ഡിമാൻഡ് കൂട്ടാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വില ഇടിഞ്ഞാൽ അമിത ലാഭം സ്വപ്നം കണ്ട് സ്റ്റോക്ക് ചെയ്ത കുരുമുളക്, തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കർഷകർ.

ഉത്തരേന്ത്യയിൽ ഡിമാൻഡ് വർദ്ധിച്ചതിനാൽ സാന്ദ്രത കുറഞ്ഞ വിദേശ കുരുമുളക്, നാടൻ കുരുമുളകിനോടൊപ്പം കലർത്തിയുള്ള തട്ടിപ്പുകളും നടത്തുന്നുണ്ട്. മികച്ച ഗുണമേന്മയുള്ള നാടൻ കുരുമുളകിന്റെ വിലയെ ഇത് ദോഷമായി ബാധിച്ചേക്കും. അതേസമയം, വിഷാംശം കലർന്ന സാൽമന്റോല ബാക്ടീരിയ പിടിപെട്ട ബ്രസീൽ മുളകിന് ആവശ്യക്കാർ വളരെ കുറവാണ്. ഏകദേശം 100 ഡോളറിനടുത്താണ് ഇവയുടെ വില. ഫെബ്രുവരിയോടെ വിളവെടുപ്പ് പൂർത്തിയാകുന്നതിനാൽ നാടൻ കുരുമുളകിന്റെ സ്റ്റോക്ക് ഇനിയും ഉയരുന്നതാണ്. ഇത് വിലയിടിവിന് കാരണമായേക്കാം.