മാപ്പ്, ഇന്ത്യക്കാരുടെ രോഷം ന്യായമായത്, ദയവായി ബഹിഷ്‌കരണ പ്രചാരണം അവസാനിപ്പിക്കണം: അഭ്യർത്ഥനയുമായി മാലിദ്വീപ് എംപി
പ്രധാനമന്ത്രിയ്ക്കും രാജ്യത്തിനും എതിരായ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാപ്പ് അപേക്ഷയുമായി മാലിദ്വീപ് മുൻ ഡെപ്യൂട്ടി സ്പീക്കർ. ഇന്ത്യക്കെതിരായ മന്ത്രിമാരുടെ അഭിപ്രായങ്ങളെ ലജ്ജാകരവും വംശീയവും എന്ന് മുദ്രകുത്തിയ മുൻ ഡെപ്യൂട്ടി സ്പീക്കർ ഇവാ അബ്ദുള്ള ഇന്ത്യയോട് മാപ്പ് പറയുകയും മാലിദ്വീപിനെതിരായ ബഹിഷ്‌കരണ പ്രചാരണം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
ഇന്ത്യക്കാരുടെ രോഷം മനസിലാക്കാവുന്നതേ ഉള്ളൂ എന്നും ന്യായമുള്ളതാണെന്നും സിറ്റിംഗ് എംപി കൂടിയായ ഇവാ അബ്ദുള്ള പറഞ്ഞു. നടത്തിയ അഭിപ്രായങ്ങൾ അതിരുകടന്നതാണ്. എന്നിരുന്നാലും, അഭിപ്രായങ്ങൾ ഒരു തരത്തിലും മാലിദ്വീപ് ജനതയുടെ അഭിപ്രായത്തിന്റെ പ്രതിഫലനമല്ല. നാണംകെട്ട അഭിപ്രായങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങളോട് വ്യക്തിപരമായി മാപ്പ് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
#BoycottMaldives സോഷ്യൽ മീഡിയ കാമ്പെയ്ൻ അവസാനിപ്പിച്ച് അവധിക്ക് ദ്വീപുകളിലേക്ക് ‘തിരിച്ചുവരൂ’ എന്ന് മാലദ്വീപ് എംപി ഇന്ത്യൻ ജനതയോട് അഭ്യർത്ഥിച്ചു. ഒന്നോ രണ്ടോ പേരുടെ അഭിപ്രായങ്ങൾ മാലദ്വീപ് ജനത ഇന്ത്യയെ കാണുന്ന രീതിയുടെ പ്രതിഫലനമാകരുത്. ഇന്ത്യക്കാരോട് മാലിദ്വീപിലേക്ക് മടങ്ങാനും ബഹിഷ്‌കരണ പ്രചാരണം അവസാനിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ മാലദ്വീപ് ഹൈ കമ്മീഷണറെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് മന്ത്രിമാർക്കെതിരായി സ്വീകരിച്ച നടപടി മാലദ്വീപ് ഹൈകമ്മീഷണർ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു.