രാജ്യത്തിന്റെ അഭിമാന ദൗത്യങ്ങളുടെ ഭാഗമാകാൻ അവസരം! വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇസ്രോ


ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യങ്ങളുടെ ഭാഗമാകാൻ ഇന്ത്യൻ പൗരന്മാർക്ക് അവസരം. ഇതിനായി വിവിധ തസ്തികകളിലേക്കാണ് ഐഎസ്ആർഒ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്പേസ് അപ്ലിക്കേഷൻ സെന്റർ പേ മാട്രിക്സിന്റെ ലെവൽ-10 ലെ സയന്റിസ്റ്റ്/എൻജിനീയർ തസ്തികകളിലാണ് ഒഴിവ്. സയന്റിസ്റ്റ് എൻജിനീയർ-അഗ്രികൾച്ചർ, സയന്റിസ്റ്റ് എൻജിനീയർ-അറ്റ്മോസ്ഫിറിക് സയൻസ് ആൻഡ് ഓഷ്യനോളജി, സയന്റിസ്റ്റ് എൻജിനീയർ-കമ്പ്യൂട്ടർ സയൻസ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. 18-നും 28-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജനുവരി 15 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്. യോഗ്യതയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും മാർഗനിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.