ബാലാക്കോട്ട് വ്യോമാക്രമണം: ഇമ്രാൻ ഭയന്ന് പ്രധാനമന്ത്രിയെ വിളിച്ച് അരുതെന്ന് അഭ്യർത്ഥിച്ചു: വെളിപ്പെടുത്തലുമായി പുസ്തകം
ന്യൂഡൽഹി: ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭയന്നു വിറച്ചുവെന്ന വെളിപ്പെടുത്തലുമായി മുൻ ഹൈക്കമ്മീഷണറുടെ പുസ്തകം. പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ദി ആംഗർ മാനേജ്‌മെന്റ്: ദി ട്രബിൾഡ് ഡിപ്ലോമാറ്റിക് റിലേഷൻഷിപ്പ് ബിറ്റ്‌വീൻ ഇന്ത്യ ആന്റ് പാകിസ്താൻ എന്ന പുസ്തകത്തിലാണ് നിർണായക വിവരങ്ങൾ ഉള്ളത്.
ഭയത്തിൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്നും. ആക്രമണം അവസാനിപ്പിക്കാൻ ചർച്ച നടത്താമെന്ന് അഭ്യർത്ഥിച്ചതായും പുസ്തകത്തിൽ പറയുന്നു.2019 ഫെബ്രുവരി 26 ന് പാകിസ്താൻ വിദേശകാര്യ സെക്രട്ടറി തെഹ്‌മിയ ജൻജുവയ്ക്ക് ഇന്ത്യ ഒൻപത് മിസൈലുകൾ അയക്കാൻ ലക്ഷ്യമിട്ടിരിക്കുന്നതായി സൈന്യത്തിൽ നിന്നും വിവരം ലഭിച്ചു.
ഉടനെ തന്നെ ജൻജുവ ഇക്കാര്യം രഹസ്വാന്വേഷണ വിഭാഗത്തിന് കൈമാറി. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ ഇന്ത്യയുമായി ബന്ധപ്പെടാനുള്ള നീക്കങ്ങളും ആരംഭിച്ചു. എന്നാൽ ഇതിനിടെ ഇന്ത്യ ആക്രമണം ആരംഭിച്ചു. ഭയന്നുവിറച്ച ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പാകിസ്താൻ ഹൈക്കമ്മീഷണർ സൊഹൈൽ മുഹമ്മദിനെ വിളിച്ചായിരുന്നു പ്രധാനമന്ത്രിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്.
എന്നാൽ പ്രധാനമന്ത്രി തിരക്കിൽ ആണെന്നും സംസാരിക്കാൻ പറ്റില്ലെന്നും താൻ പറഞ്ഞു. അടിയന്തരമായി എന്തെങ്കിലും അറിയിക്കണമെങ്കിൽ അത് ചെയ്യാമെന്നും അറിയിച്ചു. തുടർന്ന് ആക്രമണം അവസാനിപ്പിക്കാനും, പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയ്യാറാകാൻ ഇമ്രാൻ ഖാൻ അഭ്യർത്ഥിച്ചതായും സൊഹൈൽ അറിയിക്കുകയായിരുന്നു.
ഇതിന് തൊട്ട് പിന്നാലെ അമേരിക്കൻ, ലണ്ടൻ പ്രതിനിധികൾ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി ബന്ധപ്പെട്ടു. പാകിസ്താൻ ചർച്ചകൾക്ക് തയ്യാറാണെന്നും പറഞ്ഞു. പിറ്റേ ദിവസം ഇമ്രാൻ ഖാൻ വാർത്താ സമ്മളനം വിളിച്ച് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ വിട്ടയക്കുന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു.