തിരുവനന്തപുരം: ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണപ്പറക്കൽ ജൂണിന് മുൻപ് നടത്താനൊരുങ്ങി ഐഎസ്ആർഒ. യാത്രികരില്ലാതെയാണ് ആദ്യ പറക്കൽ നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പറക്കലിൽ റോബോട്ടിനെ ഉൾപ്പെടുത്തുന്നതാണ്. തുടർന്ന്, 2025 ലാണ് മനുഷ്യരുമായി ഗഗൻയാൻ കുതിച്ചുയരുക. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒയുടെ പദ്ധതിയാണ് ഗഗൻയാൻ.
ആദ്യ പരീക്ഷണ പറക്കലിൽ ഗഗൻയാൻ സർവീസ് മോഡ്യൂളുകളും, ക്രൂ മോഡ്യൂളും ഉൾപ്പെടുന്ന ഓർബിറ്റൽ മോഡ്യൂൾ എന്ന ഗഗൻയാൻ പേടകം ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തിൽ നിന്നാണ് ബഹിരാകാശത്തേക്ക് കുതിക്കുക. ഭൂമിയിൽ നിന്ന് 165 കിലോമീറ്റർ ഉയരത്തിൽ ഓർബിറ്റൽ മൊഡ്യൂൾ വിക്ഷേപിക്കും. അവിടെ നിന്ന് ഭൂമിയെ ഒരുതവണ പ്രദക്ഷിണം വെച്ച ശേഷം, പിന്നീട് കടലിലേക്ക് പതിക്കുന്നതാണ്. ഈ സമയത്ത് പേടകത്തിൽ യാത്രക്കാരോ, റോബോട്ടോ ഉണ്ടായിരിക്കുന്നതല്ല.
2014-ലാണ് ഐഎസ്ആർഒ ഗഗൻയാൻ പദ്ധതിക്ക് തുടക്കമിട്ടെങ്കിലും, കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് പദ്ധതി വീണ്ടും വൈകുകയായിരുന്നു. 10,000 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഗഗൻയാൻ വിജയിക്കുകയാണെങ്കിൽ മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന നാലാമത്തെ രാജ്യം എന്ന പദവി ഇന്ത്യയ്ക്ക് സ്വന്തമാകും. നിലവിൽ, റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിച്ചത്.