അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് ഗുജറാത്തിൽ നിർമ്മിക്കാനൊരുങ്ങി ആഗോള സ്റ്റീൽ ഭീമനായ ആർസിലർ മിത്തൽ. കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായ ലക്ഷ്മി മിത്തലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംയോജിത സ്റ്റീൽ പ്ലാന്റ് യാഥാർത്ഥ്യമാക്കുന്നതിനായി ഗുജറാത്തിൽ കോടികളുടെ നിക്ഷേപവും നടത്തുന്നതാണ്. 2029 ഓടെ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
2.4 കോടി ടൺ അസംസ്കൃത ഉരുക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന പ്ലാന്റാണ് നിർമ്മിക്കുക. ജപ്പാനിലെ നിപ്പോൺ കമ്പനിയും ആർസിലർ മിത്തലും സംയുക്തമായാണ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ വച്ചാണ് ലക്ഷ്മി മിത്തൽ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. പ്ലാന്റിന്റെ രണ്ടാംഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാരുമായി കമ്പനി കരാറിൽ ഒപ്പിട്ടിട്ടുണ്ട്. 2021-ലാണ് ആദ്യ ഘട്ടം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അന്ന് ഭൂമി പൂജ നിർവഹിച്ചത്.