മാലിദ്വീപ് സന്ദർശിക്കാൻ നറുക്കെടുപ്പുമായി ഖത്തർ എയർവെയ്സ്: ലക്ഷദ്വീപ് ആണ് മെച്ചമെന്ന് കമന്റുകളുമായി ഇന്ത്യക്കാർ
പ്രധാനമന്ത്രിക്കെതിരായതും ഇന്ത്യാവിരുദ്ധവുമായ പരാമർശങ്ങൾ മൂലം മാലിദ്വീപിന് എതിരായി പുകയുന്ന വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ഇപ്പോഴതാ മാലിദ്വീപ് സന്ദർശിക്കാൻ മികച്ച ഒരു ഓഫർ നൽകിയ ഖത്തർ എയർവെയ്സിന്റെ ഫേസ്‌ബുക്ക് പേജിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തി ഇന്ത്യക്കാർ. ലക്ഷദ്വീപിന് അനുകൂലമായ കമന്റുകളാണ് ഇപ്പോൾ ഖത്തർ എയർവെയ്സിന്റെ പോസ്റ്റുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
മാലിദ്വീപ് സന്ദർശിക്കാനായി നറുക്കെടുപ്പിലൂടെ രണ്ടുപേരെ തിരഞ്ഞെടുക്കുന്നതായി പ്രഖ്യാപിച്ച ഖത്തർ എയർവെയ്സിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ലക്ഷദ്വീപ് അനുകൂല കമന്റുകൾ നിറയുന്നത്. നറുക്കെടുപ്പിലൂടെ രണ്ടുപേർക്ക് അഞ്ച് രാത്രി മാലിദ്വീപിൽ ചെലവഴിക്കാം എന്നാണ് ഖത്തർ എയർവെയ്സ് നൽകിയിരിക്കുന്ന ഓഫർ. എന്നാൽ തങ്ങൾ ഇനി മാലിദ്വീപിലേക്ക് ഇല്ലെന്നും ലക്ഷദ്വീപാണ് മെച്ചം എന്നുമാണ് ഇന്ത്യക്കാരായ യാത്രക്കാർ അഭിപ്രായപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തോടെയാണ് ഇന്ത്യ മാലിദ്വീപ് സംഘർഷത്തിന് ആരംഭമാക്കുന്നത്. ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രിയെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തുകയും ഇന്ത്യാവിരുദ്ധ പരാമർശങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ മാലിദ്വീപിലെ മൂന്ന് മന്ത്രിമാർക്ക് സസ്പെൻഷൻ നേരിടേണ്ടി വന്നു.
എന്നാൽ, ഈ സസ്പെൻഷൻ നടപടി കൊണ്ട് ഇന്ത്യയിലെ വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കമുള്ള നിരവധി പ്രമുഖരാണ് ഇപ്പോൾ മാലിദ്വീപിനെതിരായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ടൂറിസം മേഖലയിൽ വലിയ നഷ്ടമാണ് മാലിദ്വീപിന് ഉണ്ടായിട്ടുള്ളത്.