നേഴ്സുമാരെ ഇങ്ങോട്ട് പോന്നോളൂ! 5 ലക്ഷത്തിലധികം തൊഴിലവസരങ്ങളുമായി ഈ യൂറോപ്യൻ രാജ്യം


കടൽ കടന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് സുവർണാവസരവുമായി എത്തുകയാണ് പ്രമുഖ യൂറോപ്യൻ രാജ്യമായ ജർമ്മനി. ഏകദേശം 5 ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് നഴ്സുമാർക്കായി കാത്തിരിക്കുന്നത്. 2030 ഓടെയാണ് 5 ലക്ഷത്തോളം നഴ്സുമാരുടെ നിയമനം നടത്തുക. തൊഴിൽ, ഭാഷാ പരിജ്ഞാനം എന്നിവയിൽ മുന്നിട്ട് നിൽക്കുന്ന മലയാളികൾക്ക് മികച്ച അവസരം കൂടിയാണിത്.

ജർമ്മനിയിലേക്ക് യോഗ്യതയുള്ള നഴ്സുമാരുടെ നിയമനം നടത്തുന്നതിനായി ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ ഇന്റർനാഷണൽ സർവീസസ്, ഡച്ച് ഗെസെൽഷാഫ്റ്റ് ഫ്യൂർ ഇന്റർനാഷണൽ സുസമ്മെനാർബെയ്റ്റ് ജിഎംബിഎച്ച് എന്നിവ സംയുക്തമായി ട്രിപ്പിൾ വിൻ പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. ഈ പദ്ധതി വഴി ഇന്ത്യ, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, ബോസ്നിയ, ഹെർസഗോവിന, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി നേഴ്സുമാരാണ് ജർമ്മനിയിലെ ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും നോർക്ക റൂട്ട്സും തമ്മിൽ പ്രത്യേക കരാറുമുണ്ട്. ഈ കരാറിലൂടെ ജർമ്മനിയിലേക്കുള്ള ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റിനെ ജനകീയമാക്കാൻ നോർക്ക റൂട്ട്സിന് സാധിച്ചിട്ടുണ്ട്.